അവസാന കോളില് മകളുടെ കുസൃതി കണ്ടു; പിന്നാലെ മരണം, അമ്മ പോയതറിയാതെ നോറ
Mail This Article
കോട്ടയം∙ മോനിപ്പള്ളി ഊരാളിൽ വീട്ടിലെ തൊട്ടിലിൽ ഒന്നുമറിയാതെ ഉറങ്ങുകയാണ് രണ്ടു വയസ്സുകാരി നോറ. അവളുടെ അമ്മ ഇനിയില്ല. യുഎസിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ മകളാണ് നോറ. തോരാതെ പെയ്യുന്ന മഴ പോലെ കണ്ണീർ ഒഴുക്കുകയാണ് ഈ കുടുംബം. വ്യാഴാഴ്ച (30–07–20) മെറിന്റെ ജന്മദിനവും വിവാഹ വാർഷിക ദിനവുമാണ്. പക്ഷേ ആഘോഷങ്ങളൊന്നുമില്ലാത്ത ലോകത്തേയ്ക്ക് അവൾ യാത്രയായി.
പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയിയുടേയും മേഴ്സിയുടേയും മൂത്ത മകൾ മെറിൻ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ വിളിച്ചിരുന്നു. അച്ഛനോടും അമ്മയോടും സഹോദരി മീരയോടും സംസാരിച്ചു. മകൾ നോറയുടെ കുസൃതികൾ കണ്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാർത്ത എത്തി. അപ്രതീക്ഷിത വേർപാടിൽ തരിച്ചു നിൽക്കുകയാണ് വീടും നാടും.
പഠനത്തിനു പെരുമാറ്റത്തിലും മുൻനിരയിലാണ് മെറിൻ. 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസിൽ പോയത്. കഴിഞ്ഞ ഡിസംബറിൽ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നൽകിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാൻ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു.
മകൾ നോറയെ വീട്ടിൽ ഏൽപിച്ചു ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. ഫിലിപ്പും മെറിനും മാസങ്ങളായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഫിലിപ്പിൽ നിന്നു ഭീഷണിയുള്ളതായി മെറിൻ പറഞ്ഞിട്ടില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങൾ പറയും. കഴിഞ്ഞ ദിവസത്തെ വിഡിയോ കോൾ അവസാന വിളിയാകുമെന്ന് ഒരിക്കലും കരുതിയില്ല. അമ്മയുടേയും അച്ഛന്റെയും സ്നേഹം നഷ്ടപ്പെട്ട നോറ ഇനി മെറിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.
English Summary: Merin Joy Murder: Deep Sorrow of Family