ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനു പിന്നാലെ മാരകമായ മറ്റൊരു പകർച്ച രോഗാണുവിന്റെ ഭീതിയിലാണു ലോകം. ‘മനുഷ്യന് ആഗോള ഭീഷണി’ ആയ കാൻഡിഡ ഓറിസ് ആദ്യമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സൗത്ത് ആൻഡമാൻ ജില്ലയുടെ തീരത്തു തിരിച്ചറിഞ്ഞു. പോണ്ടിച്ചേരി സർവകലാശാലയിലെ ഓഷ്യൻ സ്റ്റഡീസ് ആൻഡ് മറൈൻ ബയോളജി വകുപ്പുമായി സഹകരിച്ചു ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടാണു പഠനം നടത്തിയത്.

കാൻഡിഡ ഓറിസ് അഥവാ സി.ഓറിസ് എന്നറിയപ്പെടുന്ന ഫംഗസിനെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ‘മനുഷ്യന്റെ ആരോഗ്യത്തിനു ഗുരുതരമായ ആഗോള ഭീഷണി’ എന്നാണു വിശേഷിപ്പിക്കുന്നത്. പലവിധ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ട് എന്നതാണു കാൻഡിഡയെ അപകടകാരിയാക്കുന്നത്. 2009ൽ ജപ്പാനിലെ ഒരു രോഗിയിൽ ആദ്യമായി കണ്ടെത്തിയ ഫംഗസ് കഴിഞ്ഞ ദശകത്തിൽ നാൽപതിലേറെ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഫംഗസിനെക്കുറിച്ചു വളരെക്കുറച്ച് അറിവേ ശാസ്ത്രത്തിനുള്ളൂ എന്നതും ഭീഷണിയാണ്.

ആശുപത്രികളിൽ കൂടുതലായി കാണപ്പെടുന്ന ഫംഗസ്, പുറത്തുള്ള ഉഷ്ണമേഖലാ ചതുപ്പുകളിലും സമുദ്ര പ്രദേശങ്ങളിലും ഉണ്ടെന്ന് ആദ്യമായി കണ്ടെത്തി എന്നതാണ് ഈ പഠനത്തിന്റെ പ്രാധാന്യം. ആൻഡമാൻ ദ്വീപുകൾക്കു ചുറ്റുമുള്ള പാറകൾ, തീരങ്ങൾ, കണ്ടൽ ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിലെ 48 സാംപിളുകൾ ശേഖരിച്ചായിരുന്നു പരിശോധന. രണ്ടു കോളനികൾ ഉപ്പുചതുപ്പിലും 22 കോളനികൾ കടൽത്തീരത്തും കണ്ടെത്തി.

സി.ആരിസ് ഫംഗസ് കരയിലും കടലിലും നിലനിൽക്കുമെന്നു വ്യക്തമായതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ. അനുരാധ ചൗധരി പറഞ്ഞു. പരിസ്ഥിതിയിൽനിന്ന് ആശുപത്രികളിലെ രോഗികളിലേക്കു ഫംഗസിന്റെ സംക്രമണപാത എങ്ങനെയുണ്ടായെന്ന് ഇനിയും വിശദീകരിക്കാനായിട്ടില്ല. രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികളിൽ ഫംഗസ് മാരകമായേക്കാം. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ഈ ഫംഗസ് മൂലം മരിക്കുന്ന രോഗികളുടെ എണ്ണം കൂടുതലാണ്.

താരതമ്യേന ഇന്ത്യൻ ആശുപത്രികളിൽ മരണനിരക്ക് കുറവാണ്. എങ്കിലും രാജ്യത്തുടനീളമുള്ള ഐസിയുവുകളിലെ രോഗികളിൽ ഫംഗസ് അണുബാധയുണ്ടെന്നും ഗവേഷണത്തിൽ സ്ഥിരീകരിച്ചു. രക്തത്തിൽ പ്രവേശിക്കുമ്പോഴോ കാൻസർ പോലുള്ള ഗുരുതരമായ രോഗം ബാധിച്ച രോഗിയുടെ ശരീരത്തിൽ വസിക്കുമ്പോഴോ ഫംഗസ് മാരകമാണ്. സി.ഓറിസ് മൂലമുള്ള യഥാർഥ മരണനിരക്ക് അറിയില്ലെങ്കിലും, ഗുരുതര രോഗങ്ങളാൽ ഐസിയുകളിൽ പ്രവേശിപ്പിച്ച 30-60% രോഗികളിൽ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോ. ചൗധരി പറഞ്ഞു.

ഫംഗസിന്റെ ആവിർഭാവം തണ്ണീർത്തടങ്ങളിലെ ആഗോളതാപന പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും സിദ്ധാന്തങ്ങളുണ്ട്. ലവണാംശം കൂടുതലുള്ളിടത്തും വസിക്കാനാവുന്ന ശേഷിയാണു മനുഷ്യരിൽ ഫംഗസ് വലിയ ഭീഷണി സൃഷ്ടിക്കാൻ കാരണമാകുന്നതെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

English Summary: Deadly drug-resistant superbug found in the wild in Andamans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com