ADVERTISEMENT

തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മദ്യവിതരണം വൈകിയേക്കും. ബവ്ക്യൂ ആപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതാണു കാരണം. ആപ് ഉപയോഗിക്കാനാണു തീരുമാനമെങ്കിൽ സാങ്കേതിക തയാറെടുപ്പുകൾക്കു ചുരുങ്ങിയതു രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണായതിനാൽ മദ്യശാലകൾ പ്രവർത്തിക്കില്ല. ആപ് വേണ്ടെന്നാണു തീരുമാനമെങ്കിൽ പകരം സജ്ജീകരണങ്ങൾക്കും സമയമെടുക്കും.

ബവ്ക്യൂ ആപ്പിന്റെ പ്രവർത്തനത്തിൽ ബവ്റിജസ് കോർപറേഷനു തൃപ്തിയില്ല. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ആപ് ഏർപ്പെടുത്തിയെങ്കിലും ടോക്കണുകൾ കൂടുതലും ബാറുകളിലേക്കു പോകുന്നതായി പരാതി ഉയർന്നിരുന്നു. പരാതികളും കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യവും കണക്കിലെടുത്ത് ആപ്പിന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരക്കു നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടാമെന്ന നിർദേശമാണു ബവ്കോയും എക്സൈസും മുന്നോട്ടു വയ്ക്കുന്നത്.

ഇക്കാര്യങ്ങൾ ബുധനാഴ്ച ബവ്കോ എംഡി യോഗേഷ് ഗുപ്തയും എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണനും മന്ത്രി എം.വി.ഗോവിന്ദനുമായി ചർച്ച നടത്തും. ക്ലബുകളിൽ പാഴ്സൽ മാത്രമാണോ എന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12ന് ബവ്ക്യൂ ആപ് നിർമാതാക്കളായ ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ബവ്കോ എംഡി ചർച്ച നടത്തും. ആപ് നിലവിലുള്ളതിനാൽ കഴിഞ്ഞ തവണത്തെപോലെ ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതിയടക്കമുള്ള കാര്യങ്ങൾക്കു പ്രയാസമുണ്ടാകില്ല.

liquor-bottle

ടെസ്റ്റി പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിലാണു മദ്യശാലകൾ പ്രവർത്തിക്കാൻ അനുമതി. ഈ സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പിൽനിന്നു ശേഖരിച്ച് ആപ്പിൽ ഉൾപ്പെടുത്തണം. ബാറുകൾ വഴി പാഴ്സൽ നൽകാൻ കഴിഞ്ഞ തവണ നിയമഭേദഗതി വേണ്ടിവന്നിരുന്നു. ഇത്തവണ ഉത്തരവിലൂടെ പാഴ്സൽ നൽകാൻ കഴിയും. ഫെയർകോഡ് കമ്പനിയുടെ നിര്‍ദേശങ്ങൾ ബവ്കോയ്ക്കു സ്വീകാര്യമാണെങ്കിൽ കരാറിൽ ഏർപ്പെടണം.

ദിവസവും നൽകേണ്ട ടോക്കണുകളുടെ എണ്ണവും പ്രതിഫലവും നിശ്ചയിക്കണം. ആപ്പിന്റെ പ്രവർത്തനം തൃപ്തികരണമാണോ എന്നു പരീക്ഷിച്ചുറപ്പിക്കണം. കഴിഞ്ഞ ലോക്ഡൗണിൽ ആളുകൾ തിക്കിത്തിരക്കിയതോടെ പലർക്കും ടോക്കൺ ലഭിച്ചിരുന്നില്ല. ദൂരെയുള്ള ഷോപ്പുകളിൽ ടോക്കൺ കിട്ടിയവരും നിരവധി. ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിവരും. ആപ്പിൽ റജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ബാറുകളെ കണ്ടെത്തണം. ബവ്ക്യൂ ആപ്പിനോടു ബാറുകൾക്കു താൽപര്യമില്ല.

USA-COGNAC/

ബവ്റിജസ് കോർപറേഷൻ നിരക്കിലാണു ബാറുകളിൽ മദ്യം പാഴ്സലായി നൽകേണ്ടത്. പഴയതുപോലെ ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സംസ്ഥാനത്ത് 604 ബാറുകളും 265 ബവ്കോ ഔട്ട്‌ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുമാണു പ്രവർത്തിക്കുന്നത്. ചില്ലറ വിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുമ്പോൾ ഏറെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ടോക്കൺ സമ്പ്രദായം അപാകത പരിഹരിച്ചു നടപ്പിൽ വരുത്തണമെന്നും അല്ലെങ്കിൽ ഓരോ വിൽപനശാലയ്ക്കും പൊലീസ്  സുരക്ഷ ഏർപ്പെടുത്തണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന നേതാവ് ആർ.ശിശുകുമാർ ആവശ്യപ്പെട്ടു.

English Summary: Because of the confusion surrounding the BevQ app, supply of liquor may be delayed in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com