ADVERTISEMENT

കോവിഡ് വാക്സീൻ പരീക്ഷണത്തിന് (ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ നടത്തുന്നതിന്) അനുമതി ലഭിച്ച കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമായി തലശേരിയിലെ മലബാർ കാൻസർ സെന്റർ (എംസിസി). വികസിപ്പിച്ചെടുത്ത വാക്സീൻ മനുഷ്യ ശരീരത്തിൽ പരീക്ഷിക്കുന്നതിനുള്ള അനുമതിയാണ് എംസിസിക്കു ലഭിച്ചത്. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലാണ് (ബൈറാക് – BIRAC) എംസിസിക്ക് അനുമതി നൽകിയത്.

വാക്സീൻ മനുഷ്യ ശരീരത്തിൽ പരീക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ എംസിസിയിൽ ഒരുക്കുകയാണ് അധികൃതർ. മൂന്നാഴ്ചയ്ക്കുള്ളിൽ ഇതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും തയാറാക്കുമെന്നു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ചന്ദ്രൻ കെ.നായർ ‘മനോരമ ഓൺലൈനോ’ടു പറഞ്ഞു.

കോവിഡ് വാക്സീൻ പരീക്ഷണത്തിനായി 1.6 കോടി രൂപ എംസിസിക്കു ബൈറാക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 16.5 ലക്ഷം രൂപയാണ് ആദ്യഗഡു. കോവിഡ് വാക്സീൻ പരീക്ഷണവുമായി ബന്ധപ്പെട്ട ടെക്നിക്കൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനാണ് ഈ തുക ചെലവഴിക്കുക.  

∙ എന്തുകൊണ്ട് എംസിസി?

കേരളത്തിൽ നിന്നു വാക്സീൻ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഗവേഷണ കേന്ദ്രമാണ് എംസിസി. ബൈറാക് നിർദേശിച്ച എല്ലാ സൗകര്യമുള്ളതിനാലാണ് എംസിസിക്ക് ഈ നേട്ടം കൈവരിക്കാനായത്. കോവിഡ് വാക്സീൻ ട്രയൽ പൂർത്തീകരിക്കുന്നതിനുള്ള സ്ഥലസൗകര്യമൊരുക്കലാണ് ഇതിൽ പ്രധാനം. ക്ലിനിക്കൽ ട്രയൽ നടത്താനാവശ്യമായ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള സൗകര്യം എംസിസിയിൽ ഉണ്ടെന്നു ബൈറാക്കിനു ബോധ്യപ്പെട്ടിട്ടുണ്ട്.

മൈനസ് ഡിഗ്രി സെൽഷ്യസ് സ്റ്റോറേജ് താപനിലയും ആവശ്യമാണ്. വാക്സീൻ പരീക്ഷണത്തിന്റെ ഭാഗമായി എടുക്കുന്ന സാംപിളുകൾ (രക്തം, സ്രവം ഉൾപ്പെടെ) ആവശ്യമായിടത്തോളം കാലം സൂക്ഷിക്കുന്നതിനുള്ള സൗകര്യം പ്രധാനമാണ്. അതുപോലെ തന്നെ അത്യാവശ്യമാണ് ടിഷ്യൂ ബാങ്കിങ്. സാംപിളുകളായി സൂക്ഷിക്കുന്ന ടിഷ്യൂ കാലങ്ങളോളം സൂക്ഷിക്കുന്നതിനുള്ള സൗകര്യവും വേണം. 

∙ ലക്ഷ്യമിടുന്നത് 5,000 – 6,000 വൊളന്റിയർമാരെ

ബൈറാക്കിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കി, വാക്സീൻ ലഭിച്ചാൽ അതു പരീക്ഷിക്കുന്നതിനായി 5,000 മുതൽ 6,000 വരെ വൊളന്റിയർമാരെ ആദ്യഘട്ടത്തിൽ തയാറാക്കുകയാണ് എംസിസി ലക്ഷ്യമിടുന്നത്. ഇതിനായി വൊളന്റിയർമാരുടെ റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം വൊളന്റിയർമാർ റജിസ്റ്റർ ചെയ്താലും യോഗ്യരായ രണ്ടായിരത്തോളം വൊളന്റിയർമാരിലാകും ട്രയൽ നടത്തുന്നത്. 

12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഇതിനായി റജിസ്റ്റർ ചെയ്യാം. കോവിഡ് പോസിറ്റീവായവർ, കോവിഡ് വന്നു പോയവർ, വാക്സീൻ എടുത്തവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർക്ക് വൊളന്റിയർമാരായി റജിസ്റ്റർ ചെയ്യാൻ കഴിയില്ല. വൊളന്റിയർമാരെ കണ്ടെത്തുന്നതിനുള്ള ക്യാംപെയ്നുകൾ ആരംഭിച്ചിട്ടുണ്ട്. ആദ്യപടിയായി എംസിസി ജീവനക്കാരുടെ മക്കൾ പേര് റജിസ്റ്റർ ചെയ്തു. വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കാൻ യുവജന – സന്നദ്ധ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്നു. എല്ലാവരും സേവനം ഉറപ്പു നൽകിയതായും അധികൃതർ പറഞ്ഞു. 

∙ മെഡിക്കൽ ടീം

ഡോ.ചന്ദ്രൻ കെ.നായരുടെ നേതൃത്വത്തിലുള്ള ആറംഗ ടീമാണു വാക്സീൻ പരീക്ഷണത്തിനു മേൽനോട്ടം നൽകുന്നതെന്ന് എംസിസി ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു. ക്ലിനിക്കൽ ട്രയൽ നടത്തുന്നതിനായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും.

English Summary: Malabar Cancer Centre get permission for covid vaccine test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com