ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിയെ നേരിടാൻ കഴിയുന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റിലെ നിർദേശങ്ങൾ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ സഹായകരമല്ല. കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രശ്നം നേരിടുമ്പോൾ തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്ടിക്കാനുള്ള നീക്കം ഉണ്ടാകാത്തതു ദുഃഖകരമാണ്. പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും ഉണ്ടായില്ല.

ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാകും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ 5 ശതമാനം ആക്കണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. കടമെടുപ്പ് പരിധി 4 ശതമാനത്തിൽനിന്ന് 3.5 ശതമാനത്തിലേക്കു ചുരുക്കി. സംസ്ഥാനങ്ങൾക്കിതു തിരിച്ചടിയാണ്.

തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും തൊഴിലുറപ്പ് പദ്ധതിയെ ബജറ്റിൽ കാര്യമായി പരിഗണിച്ചില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 73,000 കോടിരൂപയാണു ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതു കഴിഞ്ഞ വർഷം നീക്കിവച്ച തുക തന്നെയാണ്. 1,11,000 കോടിയാണ് അതിനു മുൻപു പദ്ധതിക്കായി ചെലവഴിച്ചത്. കാർഷിക വിളകൾക്കു മിനിമം വില കിട്ടുന്നതിനു നീക്കിവച്ച തുകയും പര്യാപ്തമല്ല. 39,000 കോടിരൂപ കോവിഡ് വാക്സീനായി മാറ്റിവച്ചിടത്ത് ഇപ്പോൾ 5000 കോടിമാത്രമാണ് അനുവദിച്ചിരിക്കുന്നത്. സെക്കൻഡ് ഡോസ് നടക്കുന്ന ഘട്ടത്തിൽ, ബൂസ്റ്റർ ഡോസ് കൊടുക്കാനുള്ളപ്പോൾ ഉണ്ടായ ഈ നടപടി തിരിച്ചടിയാണ്.

കോർപറേറ്റ് കമ്പനികളുടെ കയ്യിൽനിന്ന് അധിക നികുതി പിരിക്കാനുള്ള നീക്കം ഉണ്ടായില്ല. കോർപറേറ്റു കമ്പനികൾക്ക് അധികവരുമാനം ഉണ്ടാകുമ്പോഴും സാധാരണക്കാർക്ക് അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ല. പ്രതിസന്ധി ഘട്ടത്തിലും പെട്രോളിനു നികുതി വർധിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് നിർദേശങ്ങളിൽനിന്ന് മനസിലാകുന്നത്. കേരളം പ്രതീക്ഷിച്ച എയിംസിനെ കുറിച്ചുള്ള പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ലെന്ന് ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English Summary: Finance minister KN Balagopal slams central government over union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com