ADVERTISEMENT

ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ശരിവച്ച് സുപ്രീം കോടതി. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്തുള്ള 242 ഹർജികളിലാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. അറസ്റ്റിനും പരിശോധനകള്‍ക്കും, സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥ ഭരണഘടനാപരമെന്നു കോടതി പറഞ്ഞു. പ്രതികള്‍ക്ക് ഇസിഐആറിന്‍റെ പകര്‍പ്പ് നല്‍കേണ്ടെന്ന വ്യവസ്ഥയും ശരിവച്ചു. ഇസിഐആറും എഫ്ഐആറും തുല്യമല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരനല്ലെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതികള്‍ക്ക് മേല്‍ നിര്‍ദേശിക്കുന്ന സെക്ഷന്‍ 24 ഭരണഘടനാപരമാണ്. അറസ്റ്റ്, റെയ്ഡ്, സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങിയവക്കുള്ള ഇഡിയുടെ അധികാരങ്ങൾ കോടതി ശരിവച്ചു. ഏതാണ്ട് കേന്ദ്രസർക്കാരിന്റെ വാദങ്ങളെല്ലാം തന്നെ അംഗികരിക്കുന്ന വിധിപ്രസ്താവമാണ് കോടതിയിൽ നിന്ന് ഉണ്ടായത്.

ഇഡിയുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ, കുറ്റം ചെയ്തില്ലെന്നു തെളിയിക്കാൻ കുറ്റാരോപിതനു മേലുള്ള ബാധ്യത, ഇഡി ഉദ്യോഗസ്ഥർക്ക് മുൻപിൽ കുറ്റാരോപിതർ നൽകുന്ന മൊഴി കോടതികളിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

കാർത്തി ചിദംബരം, മഹാരാഷ്ട്രയിലെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് തുടങ്ങി കള്ളപ്പണക്കേസുകളിലെ പ്രമുഖരായ കുറ്റാരോപിതരാണ് ഹർജിക്കാരിൽ വലിയൊരു വിഭാഗം. രാഷ്ട്രീയ എതിരാളികളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്ന പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി എന്നതും ശ്രദ്ധേയമാണ്.

English Summary: Supreme Court deliver verdict on pleas against Money Laundering Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com