ADVERTISEMENT

കോട്ടയം ∙ ആസിഡിന്റെ നീറ്റലിൽ അകവുംപുറവും കലങ്ങിയ കൊല്ലത്തെ ചിറ്റൂർ ഗ്രാമത്തിനു സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. വർഷങ്ങളായി ചവറ കെഎംഎംഎലിലെ ആസിഡ് മാലിന്യത്തിന്റെ ദുരിതം പേറുന്ന ചിറ്റൂരിനെക്കുറിച്ച് ‘ആസിഡ് ഗ്രാമം’ എന്ന പേരിൽ മനോരമ ഓൺലൈൻ പ്രത്യേക വിഡിയോയും വാർത്തയും പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണു സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. മാലിന്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത ചിറ്റൂർ മേഖലയിലെ പ്രദേശങ്ങൾ വിലയ്ക്കു വാങ്ങുന്നതിനു കെഎംഎംഎൽ കമ്പനി സന്നദ്ധമാണെന്നു വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതിനായി കൊല്ലം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി രാജീവ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.

മണ്ണിനും വയലിനും ഓടയ്ക്കും വീടിനുചുറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിനും ആസിഡ് കലർന്ന കടുംമഞ്ഞനിറമുള്ള ഗ്രാമമാണു ചിറ്റൂർ. വീടും നാടും ഉപേക്ഷിച്ചു പലായനത്തിനൊരുങ്ങുന്ന എഴുനൂറോളം കുടുംബങ്ങളുടെ ദുരിതചിത്രമാണ് ‘ആസിഡ് ഗ്രാമം’ വിഡിയോ പങ്കുവച്ചത്. കരിമണൽ സംസ്കരണ സ്ഥാപനമായ കെഎംഎംഎലിന്റെ ഭൂമിക്കടിയിലെ സംഭരണിയിൽനിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ അയേൺ ഓക്സൈഡ് ചോർന്നതോടെ ചിറ്റൂരിൽ ആസിഡിന്റെ അമ്ലത നിറയുകയായിരുന്നു. പ്രായഭേദമന്യേ പ്രദേശവാസികളുടെ ശരീരമാകെ നീറ്റലും ചർമരോഗങ്ങളും അർബുദവും പടരാൻ തുടങ്ങി. ശ്വാസകോശ രോഗങ്ങളും പതിവായി. ആസിഡ് വെള്ളം നിറഞ്ഞ് പാടങ്ങൾ തരിശായി; കിണറുകൾ ഉപയോഗശൂന്യമായി.

പി.രാജീവ് (File Photo: Rahul R Pattom)
പി.രാജീവ് (File Photo: Rahul R Pattom)

വാഗ്ദാനങ്ങൾ കേട്ടുമടുത്ത ചിറ്റൂരുകാരുടെ ശബ്ദമാണു വിഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. ചിറ്റൂർ, പൊന്മന, കളരി പന്മന പ്രദേശങ്ങളിലെ 180 ഏക്കർ ഭൂമി കിൻഫ്ര മുഖേന ഏറ്റെടുക്കാൻ 2017 നവംബർ 18ന് ഉത്തരവിറക്കിയെങ്കിലും പണമില്ലെന്നു പറഞ്ഞ് 2019 ഒക്ടോബർ 19ന് ഏറ്റെടുക്കൽ സർക്കാർ റദ്ദാക്കിയിരുന്നു. ചിറ്റൂർ പ്രദേശത്തെ 76.52 ഏക്കർ സ്ഥലത്തിന്റെ വില പുനർനിർണയിക്കുന്നതിനു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 നവംബർ 18ന് നിർദേശം നൽകുകയും കലക്ടറുടെ അധ്യക്ഷതയിൽ 2021 ജനുവരിയിൽ യോഗം ചേരുകയും ചെയ്തു. അതിനുശേഷം ഒന്നര വർഷം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതും മനോരമ ഓൺലൈൻ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആസിഡ് ഗ്രാമം വിഡിയോ കാണാം:

കെഎംഎംഎലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. ഖനനം ഉൾപ്പെടെയുള്ള കെഎംഎംഎലിന്റെ പ്രവർത്തനങ്ങൾ പ്രാദേശിക പിന്തുണയോടെ മുന്നോട്ടു കൊണ്ടുപോകാൻ തിരുവനന്തപുരത്തു ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംയുക്തയോഗം തീരുമാനിച്ചു. കോവിൽതോട്ടം മേഖലയിലെ മൈനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർ ചർച്ചകൾക്കായി വീണ്ടും പ്രത്യേകയോഗം ചേരും.

യോഗത്തിൽ മന്ത്രി പി.രാജീവിനെക്കൂടാതെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ എംപി, സുജിത് വിജയൻപിള്ള എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎംഎംഎൽ എംഡി ചന്ദ്രബോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

English Summary: Minister P Rajeev assures KMML will acquire contaminated land in Kollam Chittoor; Manorama Online Impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com