നേപ്പാളി യുവതിയുടെ കൊലപാതകം: പ്രതി നാടുവിട്ടു; അന്വേഷണസംഘം നേപ്പാളിലേക്ക്

Mail This Article
കൊച്ചി∙ എറണാകുളം എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ തേടി അന്വേഷണസംഘം നേപ്പാളിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം. ഭഗീരഥിയുടെ ഒപ്പം കൊച്ചിയിലെ വാടക മുറിയിൽ താമസിച്ചിരുന്ന നേപ്പാളി സ്വദേശിയായ പ്രതി റാം ബഹദൂർ ബിസ്തിനായാണ് അന്വേഷണം.
കൊലപാതകശേഷം ഒക്ടോബർ 20ന് കൊച്ചിയിൽനിന്നു കടന്നുകളഞ്ഞ റാം ബഹദൂർ നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പൊലീസ്, ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്. ഇയാൾ വ്യാജ പേരിലാണ് കൊച്ചിയിൽ താമസിച്ചിരുന്നതെന്ന് കണ്ടെത്തി.
ഭഗീരഥി ധാമിയുടെ ബന്ധുക്കൾ വ്യാഴാഴ്ച കൊച്ചിയിലെത്തി. മാതാപിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന സഹോദരങ്ങളാണ് എത്തിയത്. മാതാപിതാക്കളുടെ അനുമതി തേടിയ ശേഷം മൃതദേഹം ഇവർക്ക് കൈമാറും. പോസ്റ്റ്മോർട്ടത്തിനുശേഷം കളമശ്ശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
ഭഗീരഥി ധാമിയും റാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. മഹാരാഷ്ട്ര സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും കൊച്ചിയിൽ താമസിച്ചിരുന്നത്. ഭഗീരഥിയുടെ കൊലപാതത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും ഒരു സൂചനയുമില്ല.
English Summary: Probe on Nepali Woman Murder Case