വാഗമൺ–തൊടുപുഴ റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവർക്കും യാത്രക്കാരിക്കും പരുക്ക്

Mail This Article
കാഞ്ഞാർ ∙ വാഗമൺ–തൊടുപുഴ റോഡിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഡ്രൈവർക്കും യാത്രക്കാരിക്കും സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു.
പെരുമ്പാവൂർ വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസാണ് കൂവപ്പള്ളി എസ് വളവിന് സമീപം രാത്രി എട്ടോടെ അപകടത്തിൽ പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്.
റോഡിന് താഴെ ആലപ്പാട്ട് ജിജിയുടെ വീടാണ്. ഈ പ്രദേശത്ത് അപകടം പതിവാണെന്നു നാട്ടുകാർ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് സംരക്ഷണ വേലിയില്ല. പല തവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
English Summary: Tourist Bus met an accident at Koovappally, Kottayam