യുവസംവിധായിക നയനയുടെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിക്കും

Mail This Article
തിരുവനന്തപുരം∙ യുവസംവിധായിക നയനയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആത്മഹത്യാ സാധ്യത ഫൊറൻസിക് സർജൻ ഡോ. ശശികല തള്ളാത്ത സാഹചര്യത്തിലാണ് നടപടി. കഴുത്തിലെ മുറിവുകൾ കുരുക്കിട്ട കിടക്കവിരിയിൽ നിന്നാകാമെന്നും ഡോക്ടറുടെ മൊഴിയുണ്ട്. റിപ്പോർട്ടുകളിൽ വ്യക്തത വരുത്താനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.
2019 ഫെബ്രുവരി 23ന് വൈകീട്ടാണ് സുഹൃത്തുക്കൾ നയനയുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ അതിനും മണിക്കൂറുകൾക്ക് മുൻപ് പുലർച്ചെ 4.15നും 8.15നുമിടയിലാണ് മരണം സംഭവിച്ചിരിക്കുന്നത്.പോസ്റ്റ്മോർട്ടം ടേബിളിലേക്ക് മൃതദേഹം എത്തുന്നത് 18 മണിക്കൂറുകൾ കഴിഞ്ഞാണ്.മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നതിനാൽ ആത്മഹത്യ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഫൊറൻസിക് സർജൻ പറയുന്നു.
2019 ഫെബ്രുവരി 23നാണ് ആൽത്തറയിലുള്ള വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെടാത്ത കേസായാണ് മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയത്. എന്നാൽ കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്.
English Summary: Nayana death case follow up