രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഈജിപ്തിൽ; 26 വർഷത്തിനിടെ ആദ്യം
Mail This Article
കയ്റോ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തി. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം കയ്റോയിൽ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.
21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് മോദി ഈജിപ്തിലെത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞു കയ്റോയിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി മോദി കൂടിക്കാഴ്ച. തുടർന്ന് ഈജിപ്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം. ഞായറാഴ്ച രാവിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് സന്ദർശിക്കും. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിക്കും. തുടർന്ന് ഒന്നാം ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കും.
English Summary: Modi arrives in Egypt on two-day state visit, first by an Indian PM in 26 years