ചാലക്കുടി എസ്ഐയെ പട്ടണത്തിലിട്ട് തെരുവുപട്ടിയെപ്പോലെ തല്ലും: ഭീഷണിയുമായി എസ്എഫ്ഐ നേതാവ്– വിഡിയോ
Mail This Article
തൃശൂർ∙ ചാലക്കുടി എസ്ഐ അഫ്‌സലിനെ തെരുവുപട്ടിയെപ്പോലെ തല്ലി കൈയും കാലുമൊടിക്കുമെന്ന് പരസ്യഭീഷണിയുമായി എസ്എഫ്ഐ നേതാവ്. ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെ ഉടലെടുത്ത സംഘർഷത്തിന്റെ തുടർച്ചയായാണ് നേതാവിന്റെ ഭീഷണി. പൊലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ചാലക്കുടിയിൽ ഇന്നും പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്ക് ഭീഷണി ഉയർത്തിയത്.
‘‘ഈ പട്ടിയോടു ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. തെരുവുപട്ടിയെ തല്ലുന്നതുപോലെ ചാലക്കുടി പട്ടണത്തിലിട്ട് ഈ പട്ടിയെ ഞങ്ങൾ തല്ലുമെന്നു പറയുന്ന സംഘടന എസ്എഫ്ഐ ആണ്. അതിന് ഞങ്ങൾക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലി ഒടിക്കും. അതിപ്പോൾ ചെയ്ത് കണ്ണൂരു കിടന്നാലും, പൂജപ്പുര കിടന്നാലും ഞങ്ങൾക്കു പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.’’ – എന്നായിരുന്നു പരസ്യ അസഭ്യവർഷത്തോടെ ഭീഷണി ഉയർത്തിയത്. ഇതിനു പിന്നാലെ മറ്റുനേതാക്കളും അസഭ്യവർഷം നടത്തി.
ഇതിനിടെ പൊലീസ് ജീപ്പ് തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് നിതിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 4 പേര്‍ കസ്റ്റഡിയിലായിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചാലക്കുടി ഐടിഐ പരിസരത്തായിരുന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ നേതാവ് ജീപ്പ് തകർത്തതിന് പിന്നാലെ പൊലീസ് ലാത്തി വീശിയിരുന്നു. ഹെൽമറ്റില്ലാത്തതിനു പിഴയടപ്പിച്ചതാണ് ജീപ്പ് തകർത്തതിനു കാരണം. അതേസമയം, കുഴപ്പം കാട്ടിയ എസ്ഐയ്‌ക്ക് എതിരെ നടപടി വേണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.