ഓടുന്ന ട്രെയിനില്‍ ചാണകവറളി കത്തിച്ച് തീകാഞ്ഞു; 2 യുവാക്കള്‍ അറസ്റ്റില്‍

Mail This Article
അലിഗഡ്∙ കൊടുംതണുപ്പില്‍നിന്ന് രക്ഷനേടാന്‍ ഓടുന്ന ട്രെയിനില്‍ ചാണകവറളി കത്തിച്ച് തീകാഞ്ഞ രണ്ടു പേര്‍ അറസ്റ്റില്‍. ചന്ദന്‍, ദേവേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. അസമില്‍നിന്ന് ഡല്‍ഹിയിലേക്കു പോകുകയായിരുന്ന സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിന്റെ കോച്ചിനുള്ളില്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന ഗേറ്റ്മാനാണ് വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തക്കസമയത്ത് കണ്ടതിനാല്‍ വന്‍ദുരന്തം ഒഴിവായെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അലിഗഡിനു സമീപം ബര്‍ഹാന്‍ റെയില്‍വേ സ്‌റ്റേഷനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ്മാനാണ് കോച്ചിനുള്ളില്‍ തീ കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ട്രെയിന്‍ തൊട്ടടുത്ത സ്‌റ്റേഷനില്‍ തടഞ്ഞു. പിന്നീടു നടത്തിയ പരിശോധനയിലാണ് ജനറല്‍ കോച്ചില്‍ ചാണകവറളി ഉപയോഗിച്ച് തീകായുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ തീ അണച്ച് സംഘത്തിലുണ്ടായിരുന്ന 16 പേരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചന്ദന്‍, ദേവേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു 14 പേരെ താക്കീത് നല്‍കി വിട്ടയച്ചു.