‘ജോലിക്ക് പകരം ഭൂമി’ അഴിമതി: റാബ്റി ദേവിക്കും മകൾക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

Mail This Article
ന്യൂഡൽഹി∙ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവി, മകളും എംപിയുമായ മിസ ഭാരതി എന്നിവർക്കെതിരെ ‘ജോലിക്ക് പകരം ഭൂമി’ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് ജനുവരി 16ന് പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് അമിത് കത്യാലിനെ ഇ.ഡി നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ലാലു പ്രസാദ് യാദവ്, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായി തേജസ്വി യാദവ് എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. എന്നാൽ ഇതുവരെ ഇവർ ഹാജരായില്ല.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവെ മന്ത്രിയായിരുന്നപ്പോളാണ് അഴിമതി നടന്നത്. 2004 മുതൽ 2009 വരെ കാലയളവിൽ നിരവധിപ്പേരെ റെയിൽവെയുടെ വിവിധ സോണുകളിലായി ഗ്രൂപ്പ് ഡിയിൽ നിയമിച്ചു. ജോലി ലഭിച്ചവർ പകരമായി തങ്ങളുടെ സ്ഥലം ലാലു പ്രസാദ് യാദവിന്റെ ബന്ധുക്കൾക്കോ, ഇവരുമായി ബന്ധമുള്ള എ.കെ ഇൻഫോസിസ്റ്റംസ് പ്രവൈറ്റ് ലിമിറ്റഡിനോ കൈമാറി.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി േകസെടുത്ത്. കേസിൽ അന്വേഷണം നടത്തിയ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.