ഒട്ടകപ്പുറത്തെത്തി വരൻ, ഗതാഗതക്കുരുക്ക്; കണ്ണൂരിൽ അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസ്– വിഡിയോ

Mail This Article
കണ്ണൂർ∙ അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വാരത്ത് ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം.
ഒട്ടകപ്പുറത്തു കയറിയാണ് വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാൽ ഇതു റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകൾ തടിച്ചുകൂടിയതോടെ പൊലീസിനു ലാത്തി വീശേണ്ടി വന്നു.
റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘംചേർന്ന് ഗതാഗത തടസ്സമുണ്ടാക്കിയെന്നാണ് എഫ്ഐആർ. വരനും സംഘവുമായി പൊലീസ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ഉൾപ്പെടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.