ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ, വീണ്ടും ‘വില്ലനായി’ മൈക്ക്. മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ, മൈക്കിനു ശബ്ദമില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലും മറ്റു ജീവനക്കാരും ശ്രമിച്ചെങ്കിലും മൈക്ക് ശരിയാക്കാനായില്ല. ഒടുവിൽ മറ്റൊരു മൈക്ക് എത്തിച്ച് അതു കയ്യിൽ പിടിച്ചാണ് മുഖ്യമന്ത്രി സംസാരം തുടർന്നത്.

ഇതിനിടെ, മൈക്ക് കുറച്ചുകൂടി അടുപ്പിച്ചുവച്ച് സംസാരിക്കുന്ന കാര്യം സദസിൽനിന്ന് ആരോ സൂചിപ്പിച്ചപ്പോൾ, ‘ഇതിനേക്കാൾ അടുപ്പിച്ചാൽ വായിൽ കേറില്ലേ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മൈക്ക് ശരിയാകുന്ന ലക്ഷണമില്ലെന്നു കണ്ടതോടെ, ‘ഇതിന്റെ ഓപ്പറേറ്റർക്ക് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ’ എന്നായി മുഖ്യമന്ത്രി. ‘ഇല്ലെങ്കിൽ മൈക്ക് മാറ്റുന്നതാകും നല്ലത്’ എന്നും ചൂണ്ടിക്കാട്ടി.

ഇടയ്ക്ക് മറ്റൊരു മൈക്കിന് അടുത്തുചെന്ന് നിന്നു സംസാരിക്കാൻ മുഖ്യമന്ത്രി സന്നദ്ധനായെങ്കിലും അപ്പോഴേക്കും ഒരു വയർലെസ് മൈക്ക് ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചു. ‘ഇത് റെഡിയാണല്ലേ. അങ്ങനെയെങ്കിൽ ഇനി ഞാൻ ചാരിയിരുന്നു സംസാരിക്കാം. അതാണു നല്ലത്’ എന്നു പറഞ്ഞ് അദ്ദേഹം വാർത്താ സമ്മേളനം തുടരുകയും ചെയ്തു.

നേരത്തേ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നതിന് കെപിസിസി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനു പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. പ്രതി ആരെന്നു വ്യക്തമാക്കാതെയായിരുന്നു കേസ്. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസം വരുത്തിയെന്നും അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നുമായിരുന്നു എഫ്ഐആറിലെ ആരോപണം. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് കേസ് വേണ്ടെന്നു നിർദ്ദേശിക്കുകയായിരുന്നു.

English Summary:

CM Pinarayi Vijayan Encounters Technical Glitch During Press Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com