ADVERTISEMENT

ന്യൂഡൽഹി∙ 2023ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരം സംസ്‌കൃത പണ്ഡിതൻ ഡോ. കെ.ജി.പൗലോസിന്. ക്ലാസിക്കൽ, മധ്യകാല സാഹിത്യത്തിന് ദക്ഷിണ മേഖലയിൽ നിന്നുള്ള സംഭാവനയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. ഉത്തരമേഖലയിൽനിന്നുള്ള സംഭാവനകൾക്കുള്ള പുരസ്കാരത്തിന് പഞ്ചാബി എഴുത്തുകാരൻ പ്രഫ. അവതാർ സിങ്ങും അർഹനായി.

കെ.ജി.പൗലോസ് ഇരുപതിലേറെ പുസ്തകങ്ങളും അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. സംസ്കൃത കോളജ് പ്രിൻസിപ്പൽ, കാലടി സർവകലാശാല റജിസ്ട്രാർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം മേധാവി, കലാമണ്ഡലം കല്പിത സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഡോ. സി. രാജേന്ദ്രൻ, ഡോ. ആർ. അനന്ത പദ്മനാഭ റാവു, ഡോ. ഹംപ നാഗരാജയ്യ എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2021ലെ പുരസ്കാരത്തിന് ഹിന്ദി കവിയും ചിന്തകനുമായ ഡോ. പുരുഷോത്തം അഗർവാൾ തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക ഭാഷകൾക്ക് പുറമേയുള്ള ഭാഷകളിലെ എഴുത്തുകാർക്കും ക്ലാസിക്കൽ, മധ്യകാല സാഹിത്യത്തിലെ പണ്ഡിതർക്കുമാണ് ഭാഷാ സമ്മാൻ പുരസ്കാരം നൽകുന്നത്.

സാഹിത്യ അക്കാദമിയുടെ 2024ലെ യുവ പുരസ്കാരത്തിന് ആർ. ശ്യാം കൃഷ്ണനും ബാലസാഹിത്യ പുരസ്കാരത്തിന് ഉണ്ണി അമ്മയമ്പലവും അർഹരായി. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ശ്യാം കൃഷ്ണന്റെ മീശക്കള്ളൻ, ഉണ്ണി അമ്മയമ്പലത്തിന്റെ അൽഗോരിതങ്ങളുടെ നാട് എന്നീ കൃതികളാണ് പുരസ്കാരത്തിന് അർഹമായത്. ഡോ. അജിതൻ മേനോത്ത്, ഡോ. എ.ജി. ശ്രീകുമാർ, ഡോ.ഇ.വി.രാമകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്കാരനിർണയം നടത്തിയത്.  ഡോ. അജയൻ പനയറ, ഡോ.കെ.ശ്രീകുമാർ, പ്രഫ. ലിസി മാത്യു എന്നിവർ ബാലസാഹിത്യ പുരസ്കാരം മലയാളം വിഭാഗം ജൂറികളായിരുന്നു.

English Summary:

KG Poulos Honored with kendra Sahitya Akademi Bhasha Samman Award 2023 for Literary Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com