പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ; മടങ്ങില്ലെന്ന് സൈന്യം
Mail This Article
ബെംഗളൂരു∙ ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് മടങ്ങില്ലെന്നും വ്യക്തമാക്കി സൈന്യം. അർജുന്റെ ലോറി പുഴയിലേക്കു പതിച്ചിരിക്കാമെന്നാണു നിഗമനം. നാവികസേന ഇക്കാര്യം നാളെ പരിശോധിക്കും. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു സൈന്യം പറയുന്നു. എന്നാൽ കനത്ത ഒഴുക്കാണു പുഴയിലുള്ളത്.
വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യുവും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്തു തിരച്ചിൽ നടത്തുക. അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് ഇന്നത്തെ തിരച്ചിലിന്റെ അവസാനം സൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു.