ADVERTISEMENT

കൊൽക്കത്ത / കൊച്ചി∙ സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പരാതി നൽകിയതോടെ കടുത്ത മാനസിക സമ്മർദത്തിലാണെന്നും ഒറ്റയ്ക്ക് ഒരു യാത്ര പോവുകയാണെന്നും ബംഗാളി നടി. വിവാദങ്ങൾ അവസാനിക്കുന്നതു വരെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നുവെന്നും അവർ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വിവരം പങ്കുവച്ചത്.

സോളോ ട്രിപ്പിനിടയ്ക്ക് സിനിമാ മേഖലയിലെ വിവാദങ്ങളെ കുറിച്ച് ആരും വിളിച്ച് അന്വേഷിക്കാതിരിക്കാനുള്ള മാന്യത പുലർത്തണമെന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി കിട്ടുന്നത് വരെ കൈയ്യിലെ കറുത്ത റിബൺ മാറ്റില്ലെന്നും നടി പറയുന്നു. ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ രഞ്ജിത്തിനെതിരെ ചുമത്തിയതു ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 354ാം വകുപ്പാണ് എറണാകുളം നോര്‍ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. ലൈംഗിക താൽപര്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണു നടിയുടെ പരാതിയിൽ പറയുന്നത്. 

അതിനിടെ രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് നൽകിയ പരാതിയിൽ ഇന്ന് ഉച്ചയോടെ മൊഴി രേഖപ്പെടുത്തും. മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണു യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണു യുവാവിന്റെ പരാതി. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണു രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണു യുവാവ് പറയുന്നത്.

ബെംഗളൂരു താജ് ഹോട്ടലിൽ രണ്ടു ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് നഗ്നനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു.

English Summary:

Actors respond after complaint against Ranjith sexual harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com