ADVERTISEMENT

കൊച്ചി∙ ബിജെപിയുടെ അധികാരത്തിലും ഔദാര്യത്തിലുമാണ് പിണറായി സര്‍ക്കാര്‍ നിലനിന്നു പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ‌ കെ. സുധാകരൻ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയിട്ട് നാലര വര്‍ഷമായി. ഒരു നടപടിയും എടുത്തില്ല. സ്ത്രീപീഡകര്‍ക്കും കൊലയാളികള്‍ക്കും ക്രിമിനലുകള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്നും കെ.സുധാകരൻ ആരോപിച്ചു. 

‘‘ഹൈക്കോടതി നടത്തിയ വിമര്‍ശനം യാഥാർഥ്യം ഉള്‍ക്കൊണ്ടാണ്. അതിനു സര്‍ക്കാരിന് ഉത്തരമുണ്ടോ ? സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ പലരും സിപിഎം ബന്ധമുള്ളവരാണ്. അവരെ സംരക്ഷിക്കാനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെയും നടപടിയെടുക്കാതെയും നീട്ടിക്കൊണ്ടുപോയത്. സ്ത്രീകളുടെ അഭിമാനവും അവകാശവും നഷ്ടപ്പെടുത്തിയ യഥാർഥ ചിത്രമാണ് ഹേമ കമ്മിറ്റി റിപ്പോട്ടിലുള്ളത്. എന്നിട്ടും പിണറായി സര്‍ക്കാര്‍ എന്തു ചെയ്തു?’’ – സുധാകരൻ ചോദിച്ചു.

‘‘ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം കിട്ടിയ എതെങ്കിലും സംഭവമുണ്ടോ? ദലിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയില്ലെ? പ്രതികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു?കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം തടയാനുള്ള നടപടി സ്വീകരിക്കാനുള്ള മനസ്സ് എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് ഇടതുസഹയാത്രികര്‍ എത്തുന്നതിനാല്‍ അവര്‍ക്ക് അതിന് സാധിക്കുകയുമില്ല’’– സുധാകരന്‍ പരിഹസിച്ചു. 

ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.  ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്. ആര്‍എസ്എസിനെ മഹത്വവൽ‌കരിക്കുകയാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍എസ്എസിന്റെ മുഖം മിനുക്കുന്നതിനാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംപി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത വെറും ഊഹാപോഹമാണ്. തെളിവില്ലാത്ത ആരോപണങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഉന്നയിക്കാം. അതെല്ലാം സത്യമാകണമെന്നില്ല. ഇത്തരത്തില്‍ ഒരു  വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്‍എച്ച്എഐ പാനലില്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെട്ടത് അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കിട്ടിയ അംഗീകാരം മാത്രമായാണ് കാണുന്നത്. കേസുകളില്‍ സ്വീകരിക്കുന്ന ന്യായമാണ് പ്രധാനം. അതില്‍ മാറ്റം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും കെ.സുധാകരന്‍ പറഞ്ഞു.

English Summary:

K Sudhakaran Slams Pinarayi Govt: "Surviving on BJP's Grace, Protecting Criminals"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com