അര്‍ജുനായുള്ള തിരച്ചില്‍: ഡ്രജര്‍ ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടും
Mail This Article
ബെംഗളൂരു∙ ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനുൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനായി ഗോവയില്‍നിന്ന് ഡ്രജര്‍ എത്തിക്കും. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടുന്ന ഡ്രജര്‍ 38 മണിക്കൂറെടുത്താണ് ഷിരൂരിൽ എത്തുക. ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈശ്വര്‍ മല്‍പെയുടെ സഹായം തേടുന്നതിലും യോഗം അന്ന് തീരുമാനമെടുക്കും.
ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 16ന് ദേശീയ പാത – 66ലേക്ക് മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ കോഴിക്കോട് കണ്ണാടിയ്ക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ 3 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 8 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.