പടിയിറങ്ങി കേജ്‍രിവാൾ; പൾസർ സുനിക്ക് ജാമ്യം– ഇന്നത്തെ പ്രധാന വാർത്തകൾ
![kejriwal-pulsar-suni അരവിന്ദ് കേജ്‍രിവാൾ (File Photo: Josekutty Panackal/Manorama), പൾസർ സുനി (File Photo: Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/9/17/kejriwal-pulsar-suni.jpg?w=1120&h=583)
Mail This Article
ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവന്റെ രാജിയും പിൻഗാമി പ്രഖ്യാപനവുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി, തന്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി ചുമതലയേൽക്കും.
അതിനിടെ, കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഡിഎംകെയ്ക്ക് ഇന്ന് 75ാം വാർഷികം. വാർഷികാഘോഷങ്ങളുടെ ലോഗോ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്തു. മുപ്പെരുംവിഴയും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ജന്മദിനവും പാർട്ടിയുടെ സ്ഥാപക ദിനവും ഒരുമിച്ചാണ് ഇന്നു പാർട്ടി ആസ്ഥാനത്ത് ആഘോഷിക്കുന്നത്. കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾക്കു ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്.