പൂരം കലക്കൽ: എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് ‘രഹസ്യരേഖ’: പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Mail This Article
തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്. എഡിജിപി എം.ആര്‍. അജിത്കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവിടാത്തത്. മനോരമ ന്യൂസ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന്, റിപ്പോർട്ട് രഹസ്യരേഖയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ മറുപടി.
എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞമാസമാണ് എഡിജിപി എം.ആർ.അജിത്‌കുമാർ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി.
പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.