‘കേരളത്തില്‍ 10 വർഷത്തിനിടെ 7% എല്‍ഡിഎഫ് വോട്ട് കുറഞ്ഞു; ആര്‍എസ്എസ് വളര്‍ച്ചയില്‍ ആശങ്ക, ചെറുക്കണം’
Mail This Article
തിരുവനന്തപുരം∙ കേരളത്തില്‍ എല്‍ഡിഎഫ് വോട്ട് കുറയുന്നതിലും ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി സിപിഎം. ഒരു ദശാബ്ദത്തിനുള്ളില്‍ എല്‍ഡിഎഫിന് കേരളത്തില്‍ 7 ശതമാനം വോട്ട് നഷ്ടപ്പെട്ടുവെന്നു പാര്‍ട്ടി വിലയിരുത്തി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40.42% വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. 2024 തിരഞ്ഞെടുപ്പില്‍ അത് 33.35 ശതമാനമായി കുറഞ്ഞുവെന്നു സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്തും രാജ്യത്താകെയും മുന്നേറ്റം നടത്തുന്നതിനെ ശക്തമായി ചെറുക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഇന്ത്യ’ മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോഴും വര്‍ഗീയത സംബന്ധിച്ചു സ്വതന്ത്രമായ നിലപാട് ശക്തമാക്കണം. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ ഡിഎംകെ പോലെയുള്ള പ്രാദേശിക കക്ഷികളുമായി രാഷ്ട്രീയ അടവുനയം ഊര്‍ജിതമാക്കണമെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ബംഗാളിനും ത്രിപുരയ്ക്കും സമാനമായ തോതില്‍ അല്ലെങ്കിലും ബിജെപി കേരളത്തില്‍ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതു പ്രകടമായിരുന്നുവെന്നും പാര്‍ട്ടി ആശങ്കപ്പെട്ടു. മതപരമായ ആചാരങ്ങളും ഉത്സവങ്ങളും ഉപയോഗപ്പെടുത്തി മതവികാരം ആകര്‍ഷിച്ച് ആര്‍എസ്എസ് ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ്. ഇതിനായി അവര്‍ പ്രധാനമായും സ്ത്രീകളെയാണു ലക്ഷ്യമിടുന്നതെന്നും പാർട്ടി വ്യക്തമാക്കുന്നു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് നേരിടാനും വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനും ശ്രമിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
അതേസമയം, ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്ത്രീകളെയുള്‍പ്പെടെ ബാധിക്കുന്ന തരത്തിലുള്ള ഇസ്‌ലാമിക തീവ്രാദത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്നും പറയുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇന്ത്യ ബ്ലോക്കില്‍ നിലനില്‍ക്കെ തന്നെ സ്വതന്ത്ര നിലപാടുകളുമായി മുന്നോട്ടുപോകണം. സാമ്പത്തിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നവ ലിബറല്‍ നയങ്ങളെ എതിര്‍ക്കണമെന്നും സിപിഎം വ്യക്തമാക്കുന്നു. കേരളത്തില്‍ ഉള്‍പ്പെടെ മധ്യവര്‍ഗ വിഭാഗത്തെയും അടിസ്ഥാന വര്‍ഗത്തെയും പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്താനാണ് പാര്‍ട്ടിയുടെ നീക്കം. തൊഴിലാളികളെയും കര്‍ഷകരെയും ആകര്‍ഷിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അത്തരക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ചെലവഴിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
പ്രത്യേക മതവിഭാഗങ്ങളെയും മതസംഘടനകളെയും ആകര്‍ഷിക്കാനുള്ള ബിജെപി - ആര്‍എസ്എസ് നീക്കത്തെ ചെറുക്കാനുള്ള പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും പാര്‍ട്ടി കേരളത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മതവിഭാഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ വിശ്വാസികളെ ഒരുമിപ്പിക്കാനുള്ള നടപടികളാവും സ്വീകരിക്കുക. ഇതിനൊപ്പം മുസ്‌ലിം തീവ്രവാദികളെയും തീവ്രസംഘടനകളെയും പാര്‍ട്ടിയും വര്‍ഗബഹുജന സംഘടകനകളും നേരിടണം. കേരളത്തിലെ മധ്യവര്‍ഗ പൊതുസമൂഹത്തിന്റെ ജീവിതരീതിയിലുണ്ടായ വ്യതിയാനം പഠിക്കാനും തീരുമാനിച്ചു. വിദ്യാസമ്പന്നരായ യുവത പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്‍പ്പെടെ നടത്തുന്ന കുടിയേറ്റം സമൂഹത്തിന്റെ സാംസ്‌കാരിക പരിപ്രേഷ്യത്തില്‍ ഉണ്ടാകുന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്നും കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ അടവ് ലൈന്‍ ശരിയായിരുന്നുവെങ്കിലും നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് വിലയിരുത്തി. അടിസ്ഥാന വര്‍ഗത്തിന്റെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടിക്കു ജാഗ്രതക്കുറവുണ്ടായി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കപ്പെട്ടതു രാഷ്ട്രീയ അടവ് നയത്തിനു തിരിച്ചടിയാണ്. തെലങ്കാന ഉള്‍പ്പെടെ വളരെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണു പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.