ADVERTISEMENT

കൽപ്പറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താലിൽ വയനാട് നിശ്ചലം. 12 മണിക്കൂർ ഹർത്താലിന്റെ ഭാഗമായി പ്രതിഷേധക്കാർ പലയിടത്തും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ ആണെന്ന് അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിർത്തികളിൽ കുടുങ്ങിയത്. വയനാട് ചുരത്തിലും കർണാടകയോട് ചേർന്ന് അതിർത്തി പ്രദേശങ്ങളിലുമാണ് രാവിലെ മുതൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തട‍ഞ്ഞത്. പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കൽപ്പറ്റ ടൗണില്‍ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് പ്രതിഷേധിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.

വയനാട് ദുരന്തബാധിതർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരന്നു. ഹർത്താലിന്റെ ഭാഗമായി ഇന്ന് എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ വയനാട്ടിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

കൽപറ്റയിൽ ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടയുന്നു.  ചിത്രം. ധനേഷ് അശോകൻ∙ മനോരമ
കൽപറ്റയിൽ ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടയുന്നു. ചിത്രം. ധനേഷ് അശോകൻ∙ മനോരമ

ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജില്ലയിൽ കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കും. അതേസമയം പുലര്‍ച്ചെയുള്ള കെഎസ്ആർടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി. തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് യുഡിഎഫ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

ഹർത്താൽ ദിനത്തിൽ യുഡിഎഫ് പ്രവർത്തകർ കൽപറ്റ– ചുങ്കം ജംക്‌ഷനിൽ വാഹനങ്ങൾ തടയുന്നു.  ചിത്രം. ധനേഷ് അശോകൻ∙ മനോരമ
ഹർത്താൽ ദിനത്തിൽ യുഡിഎഫ് പ്രവർത്തകർ കൽപറ്റ– ചുങ്കം ജംക്‌ഷനിൽ വാഹനങ്ങൾ തടയുന്നു. ചിത്രം. ധനേഷ് അശോകൻ∙ മനോരമ
English Summary:

Wayanad Hartal: Protests Erupt Over Lack of Central Funds for Landslide Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com