ADVERTISEMENT

ശബരിമല∙ മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം. രാവിലെ 10ന് ശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടില്ല. ഉച്ചപ്പൂജ കഴിഞ്ഞ് ഒരു മണിക്കു നട അടച്ചാൽ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞ ശേഷം മാത്രമേ തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കൂ.

ഉച്ചയ്ക്കു ശേഷം സോപാനത്തേക്കുള്ള പ്രവേശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തി ദീപാരാധന എന്നിവ നടക്കുന്നതിനാൽ ദേവസ്വം വിജിലൻസ് എസ്പി ഒപ്പിട്ട സ്പെഷൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്തേക്കു പ്രവേശിപ്പിക്കൂ. മകരജ്യോതി ദർശനത്തിനു ശേഷം പതിനെട്ടാം പടി കയറാൻ അനുവദിക്കുന്നതിനു പുറമേ വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി കണ്ടുതൊഴാനും അവസരം ലഭിക്കും.

ചൊവ്വാഴ്ച വൈകിട്ട് പുല്ലുമേട്ടിൽനിന്നു സന്നിധാനത്തേക്കു തീർഥാടകരെ കടത്തിവിടില്ല. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്കു മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്കു യാത്ര അനുവദിക്കൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ, സുരക്ഷയെ മുൻനിർത്തി, പൊലീസും വനംവകുപ്പും പ്രത്യേക തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

മകരജ്യോതി ദർശിക്കാനുള്ള ഇടങ്ങൾ

അനുവദനീയമായ സ്ഥലങ്ങൾനിന്ന് മാത്രം മകരജ്യോതി ദർശിക്കാൻ ഭക്തർ ശ്രദ്ധിക്കണം. നിലയ്ക്കലിൽ അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറെ കോളനി, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല എന്നീ സ്ഥലങ്ങളിൽ ദർശിക്കാം. പമ്പയിൽ ഹിൽടോപ്പ്, ഹിൽടോപ്പ് മധ്യഭാഗം, വലിയാനവട്ടം എന്നിവിടങ്ങളിലും സന്നിധാനത്ത് പാണ്ടിത്താവളം, ദർശനം കോപ്ലക്‌സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫിസിന്റെ മുൻവശം, വാട്ടർ അതോറിറ്റി ഓഫിസിന്റെ പരിസരം എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാൻ അനുമതിയുണ്ട്. 

എമർജൻസി മെഡിക്കൽ സെന്ററുകൾ പാണ്ടിത്താവളം ജംക്‌ഷൻ, വാവർ നട, ശരംകുത്തി, ക്യു കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിൽ തയാറാണ്. വിവിധ സ്ഥലങ്ങളിൽ സ്ട്രെച്ചർ സേവനം ലഭ്യമാണ്. ഉരക്കുഴി, പാണ്ടിത്താവളം ജംക്‌ഷൻ, അന്നദാന മണ്ഡപത്തിന്റെ സമീപം, നടപ്പന്തൽ, മേലെ തിരുമുറ്റം, ജീപ്പ് റോഡ്, ശരംകുത്തി, ക്യു കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിലാണ് സ്ട്രെച്ചർ സൗകര്യമുള്ളത്. അസ്‌കാ ലൈറ്റുകളുടെ സേവനം ഉരക്കുഴി, പാണ്ടിത്താവളം ജംക്‌ഷൻ, അന്നദാനമണ്ഡപത്തിന്റെ സമീപം, വാവർനട, ബെയയ്‌ലി ബ്രിജ്, ജീപ്പ്‌റോഡ്, ശരംകുത്തി, ക്യു കോംപ്ലക്‌സ്, മരക്കൂട്ടം, ചരൽമേട് എന്നിവിടങ്ങളിൽ സജ്ജമാണ്.

മകര ജ്യോതി ദർശനത്തിനു ശേഷം പാണ്ടിത്താവളം മേഖലയിൽ തിരികെ ഇറങ്ങാൻ 2 റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തുനിന്നു ഹോട്ടൽ ജംക്‌ഷൻ, അന്നദാനമണ്ഡപത്തിന്റെ പിൻവശം, പൊലീസ് ബാരക്ക്, ബെയ്‌ലി പാത്ത്‌വേ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം. പാണ്ടിത്താവളം ജംക്‌ഷനിൽനിന്ന് ദർശൻ കോംപ്ലക്‌സ്, പുൽമേട് എൻട്രി റൂട്ടിന്റെ മധ്യഭാഗം, കൊപ്രാക്കളം, ട്രാക്റ്റർ റോഡ്, കെഎസ്ഇബി ജംക്‌ഷൻ, ജീപ്പ് റോഡ് വഴി തിരികെ ഇറങ്ങാം. തിരുവാഭരണ ദർശനത്തിന് എത്താൻ അന്നദാനമണ്ഡപത്തിന്റെ മുൻവശം, മാളികപ്പുറം ഫ്‌ളൈ ഓവറിന് സമീപമുള്ള സിവിൽ ദർശൻ എൻട്രി എന്നീ വഴികൾ ഉപയോഗിക്കാം.

ക്രമീകരണങ്ങളും മാർഗനിർദേശങ്ങളും

∙ വെർച്വൽ ക്യു ബുക്കിങ്, സ്പോട്ട് ബുക്കിങ് ഉള്ളവരെ മാത്രമേ ഇന്നും നാളെയും (13, 14) നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് കടത്തിവിടൂ.

∙ 14ന് രാവിലെ 7.30 മണിമുതൽ നിലയ്ക്കലിൽ ഗതാഗത നിയന്ത്രണം. രാവിലെ 10 വരെ മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കു വാഹനങ്ങൾ കടത്തിവിടൂ. ഉച്ചയ്ക്ക് 12 വരെ മാത്രമേ പമ്പയിൽനിന്നു ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടൂ (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ).

∙ തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകിട്ട് 5.30നു ശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടൂ.

∙ സ്റ്റൗ, വലിയ പാത്രങ്ങൾ, ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കില്ല

∙ മരത്തിന്റെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്നോ, വാട്ടർ ടാങ്കുകളുടെ ഉയരെ കയറിനിന്നോ മകരജ്യോതി ദർശനം അനുവദിക്കില്ല.

∙ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്കുശേഷം തിരുമുറ്റത്തേക്ക് പ്രവേശനം നിയന്ത്രിച്ചു. ദേവസ്വം അനുവദിക്കുന്ന സ്‌പെഷൽ പാസ് ഉള്ളവരെ മാത്രമേ ദീപാരാധന സമയത്തു നിൽക്കാൻ അനുവദിക്കൂ.

∙ പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക കുടിലുകൾ, പർണശാലകൾ എന്നിവ കെട്ടാൻ അനുവദിക്കില്ല.

∙ യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താൻ ഭക്തരെ അനുവദിക്കില്ല.

∙ ഭക്തർ കെഎസ്ആർടിസി വാഹനങ്ങളിൽ ക്യു പാലിച്ച് മാത്രം കയറണം.

∙ മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്.

∙ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ ശ്രദ്ധിക്കണം.

∙ മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ, വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ ശ്രദ്ധിക്കണം.

∙ ഭക്തർ വന്ന വാഹനനമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമിമാരുടെ ഫോൺനമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം.

∙ മടങ്ങിപ്പോകുന്ന സ്വാമിമാർ അതത് പാർക്കിങ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയുംവേഗം മടങ്ങാൻ ശ്രദ്ധിക്കണം.

∙ സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കണം.

  • 2 month ago
    Jan 20, 2025 10:21 AM IST

    ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.

  • 2 month ago
    Jan 20, 2025 10:19 AM IST

    തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.

  • 2 month ago
    Jan 20, 2025 10:19 AM IST

    മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.

  • 2 month ago
    Jan 14, 2025 06:46 PM IST

    പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ‌

  • 2 month ago
    Jan 14, 2025 06:33 PM IST

    ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും

     

     

  • 2 month ago
    Jan 14, 2025 06:32 PM IST

    സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും. 

  • 2 month ago
    Jan 14, 2025 06:29 PM IST

    തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽ‌കി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 

     

     

  • 2 month ago
    Jan 14, 2025 05:56 PM IST

    തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു

     

     

  • 2 month ago
    Jan 14, 2025 05:49 PM IST

    sabarimala-makaravilakku-hilltop-1401
    മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ
  • 2 month ago
    Jan 14, 2025 05:47 PM IST

    പുണ്യദർശനം കാത്തു തീർഥാടകർ. (ചിത്രം:നിഖിൽ രാജ്∙മനോരമ)
English Summary:

Sabarimala Makaravilakku: All you Need to Know About the Arrangements and Restrictions

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com