മുനമ്പം: കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് ഹൈക്കോടതിയിൽ സര്‍ക്കാര്‍; നടത്തുന്നത് ‘വസ്തുതാന്വേഷണം’

Mail This Article
കൊച്ചി ∙ മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. വസ്തുതാന്വേഷണമാണ് കമ്മിഷന്‍ മുനമ്പത്ത് നടത്തുന്നതെന്നും വസ്തുതകളിന്മേൽ തീരുമാനമെടുക്കുക സംസ്ഥാന സർക്കാർ ആയിരിക്കുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. വഖഫുമായി ബന്ധപ്പെട്ട് മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിച്ചതിനെതിരായ 2 ഹർജികളിലാണ് സർക്കാരിന്റെ മറുപടി. ഇവ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ വഖഫ് സംരക്ഷണ വേദിയാണ് കമ്മിഷന്റെ നിയമനം ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. സിവിൽ കോടതി തീർപ്പാക്കിയ ഭൂമി പ്രശ്നത്തിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് അധികാരമെന്നു ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ നിയമനം ചോദ്യം ചെയ്തു പുതിയ ഹര്‍ജി കൂടി ഹൈക്കോടതിയിൽ എത്തിയത്.
ജസ്റ്റിസ് സി.എൻ.രാമചന്ദ്രന്‍ നായര്‍ കമ്മിഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ല എന്നു സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വസ്തുതാന്വേഷണമാണ് കമ്മിഷന്‍ മുനമ്പത്ത് നടത്തുന്നത്. വസ്തുതകള്‍ പഠിച്ച് സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണു കമ്മിഷനെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ശുപാര്‍ശകള്‍ നടപ്പാക്കണമെന്നു നിര്‍ദ്ദേശിക്കാന്‍ കമ്മിഷന് അധികാരമില്ല. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. മുനമ്പത്ത് ഭൂമി കൈവശമുള്ള ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ നിയമനം ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഘട്ടത്തില്‍ അവകാശമില്ല. കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.