‘അശ്ലീല പരാമർശങ്ങൾക്കു കുറവില്ല, കടുത്ത ശിക്ഷ വേണം; വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയാക്കി മാറ്റി’

Mail This Article
കൊച്ചി ∙ പരാതി കൊടുത്ത ശേഷവും സൈബറിടത്തിലെ അശ്ലീല പരാമർശങ്ങൾക്കു കുറവില്ലെന്നു നടി ഹണി റോസ്. ഇതു തടയാൻ ശക്തമായ നിയമനിർമാണം ആവശ്യമാണ്. വൃത്തികേടുകൾ എഴുതി കൂട്ടുന്നവർക്കു കടുത്ത ശിക്ഷ നൽകണം. താനുൾപ്പെടുന്നവരുടെ നിശബ്ദതയാണു തലയിൽ കയറി നിരങ്ങാൻ പലരെയും പ്രേരിപ്പിക്കുന്നത്. മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ പരിപാടിയിലാണു ഹണി റോസിന്റെ പരാമർശം.
‘എന്റെ പരാതിക്കു ശേഷം നടന്ന ചർച്ചകൾ വിഷയം വഴിതിരിച്ചുവിട്ടു. ലൈംഗിക അധിക്ഷേപത്തിനെതിരായ പരാതി ചിലർ മനപ്പൂർവം എന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചർച്ചയാക്കി മാറ്റി. ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ കുറ്റകൃത്യത്തിന് എതിരെയാണു സംസാരിച്ചത്. എന്നാൽ തന്റെ വസ്ത്രം മോശമായതു കൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടി വന്നതെന്ന നിലയിലാണു ചർച്ചകളുണ്ടായത്’’– ഹണി റോസ് പറഞ്ഞു.
ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കഴിഞ്ഞ ദിവസം യുവജന കമ്മിഷൻ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ നിരന്തരമായി ചാനലുകളിലൂടെ അപമാനിക്കുന്നതായും സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടനയാണു രാഹുലിനെതിരെ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ഹണി റോസ് നേരത്തേ രാഹുലിനെതിരെ പരാതിപ്പെട്ടിരുന്നു.