ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിനു സര്‍ക്കാര്‍ 20 ലക്ഷം രൂപ ചെലവ് നിശ്ചയിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വീട് നിർമിക്കുന്നതിനുളള സ്‌പോണ്‍സര്‍ഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നോ-ഗോ സോണിനു പുറത്തായി സ്ഥിതി ചെയ്യുന്ന, ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 ബി ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂർണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കും.

‌പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃക്രമീകരിക്കും. വയനാട് മാതൃകാ ടൗണ്‍ഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു.

വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പല്‍ പ്രദേശത്താണ്. ഭൂമി പതിച്ചു നല്‍കുന്നതിനു ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ല. റസിഡന്‍ഷ്യല്‍ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരില്‍ അനുവദിക്കും. ഭൂമിയും വീടും 12 വര്‍ഷത്തിനു മുൻപ് ഗുണഭോക്താവിന് അവശ്യഘട്ടങ്ങളില്‍ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നതാണ്.

ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ചു മാറ്റുന്നതിനും വില്ലേജ് ഓഫിസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പു വരുത്തുന്നതിനും നിര്‍ദേശം നല്‍കും. ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനും ഓരോ കൂപ്പണും രണ്ടുമാസം വീതം കാലാവധി  നല്‍കാനും തീരുമാനിച്ചു.

English Summary:

Wayanad Disaster Relief Package announced: Wayanad disaster relief efforts include constructing houses in a new township with ₹20 lakh allocated per house. The Kerala government aims to provide resettlement and housing assistance to those affected by the disaster.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com