ഇടിമേഘങ്ങളിലേറി വേനല്‍ മഴയെത്തുന്നതും കാത്ത് കേരളം; ബംഗാളില്‍ കാല്‍ വൈശാഖി, രാജസ്ഥാനില്‍ ആന്ധി

Mail This Article
തിരുവനന്തപുരം ∙ കൊടുംചൂടും ഉഷ്ണതരംഗവും ചുട്ടുപൊള്ളിക്കുമ്പോള്‍ ആശ്വാസമായി വേനല്‍മഴ പെയ്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് നാടാകെ. അടുത്ത ദിവസം മുതല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. ‘കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം’ എന്നാണ് ചൊല്ല്. കരഭാഗത്തെ താപനില ഉയരുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും അറബിക്കടലില്‍നിന്നും എത്തുന്ന കാറ്റ് ഒത്തുചേരുന്നതും കേരളത്തില്‍ നീരാവിയുടെ സാന്നിധ്യം കൂടുതലായുള്ളതുമാണ് ഈ കാലയളവിലെ മഴയ്ക്കു കാരണം. മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ ലഭിക്കുന്നതാണ് സാധാരണയായി വേനല്‍മഴയായി കണക്കാക്കുന്നതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍ പറഞ്ഞു.
മണ്‍സൂണ്‍ പോലെ കൃത്യതയോടെ പെയ്യുന്നതല്ല വേനല്‍മഴയെന്നും നീത കെ. ഗോപാല്‍ വ്യക്തമാക്കി. ‘‘ശക്തമായ കാറ്റും ഇടിയും സഹിതമാകും മഴയുണ്ടാകുക. മണ്‍സൂണ്‍ കാലത്തേതു പോലെ സംസ്ഥാനത്ത് പരക്കെ പെയ്യില്ല. ഒറ്റപ്പെട്ട ഇടങ്ങളിലാവും കൂടുതലായി വേനല്‍ മഴ ലഭിക്കുക. അനുകൂല സാഹചര്യങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. 12 കിലോമീറ്റര്‍ വരെ ഉയരത്തിലാവും മേഘം രൂപപ്പെടുക. അപ്പോഴാണ് ശക്തമായ കാറ്റും മഴയും ഉണ്ടാകുന്നത്. പഴയകാലത്തെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ മാര്‍ച്ചില്‍ ശരാശരി അഞ്ചോ ആറോ തവണ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. സീസണില്‍ ആകെ നാല്‍പതോളം പ്രാവശ്യം മഴ ലഭിക്കാമെന്നാണ് ഏകദേശ കണക്ക്. പക്ഷേ ചില വര്‍ഷങ്ങളില്‍ ഏറിയും കുറഞ്ഞുമാകും അനുഭവപ്പെടുക. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വലിയ തോതില്‍ മഴ ലഭിച്ചിരുന്നില്ല. മേയ് പകുതി കഴിഞ്ഞതിനു ശേഷമാണ് നല്ല രീതിയില്‍ മഴ കിട്ടാന്‍ തുടങ്ങിയത്’’ – നീത കെ. ഗോപാൽ പറഞ്ഞു.

∙ കാറ്റ് അറബിക്കടലില്‍നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും
ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. അറബിക്കടലില്‍നിന്നുള്ള നീരാവിയുടെ ലഭ്യതയുണ്ടാകും. ഫെബ്രുവരി ശീതകാലത്തിനും വേനല്‍ക്കാലത്തിനും ഇടയ്ക്കുള്ള സമയമാണ്. അപ്പോൾ കാറ്റിനു കൃത്യമായ ക്രമമോ സ്ഥിരതയോ ഉണ്ടാകില്ല. മാർച്ചിൽ സൂര്യരശ്മികള്‍ ലംബമായി പതിക്കുമ്പോള്‍ കരഭാഗം കൂടുതല്‍ ചൂടാകുകയും അതിന്റെ ഭാഗമായി ഉഷ്ണതരംഗം ഉണ്ടാകുകയും ചെയ്യും. കരഭാഗം ചൂടു കൂടി ന്യൂനമര്‍ദ മേഖല പോലെയാകും. ആ സമയത്ത് അറബിക്കടലില്‍നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും വീശുന്ന കാറ്റ് കൂടിച്ചേരും. പെനിന്‍സുലാര്‍ ഇന്ത്യ എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയുടെ ഭാഗത്താണ് സാധാരണ ഈ രണ്ടു കാറ്റുകളും കൂടിച്ചേരുന്നത്. ഇതു മൂലം കേരളത്തിന്റെ ഭാഗത്ത് നീരാവി നിറഞ്ഞ ചൂടുള്ള വായു മുകളിലേക്ക് ഉയര്‍ന്ന് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കേരളത്തിന്റെ ഭാഗത്ത് ധാരാളം നീരാവി ഉള്ളതുകൊണ്ട് മഴയുടെ അളവ് കൂടുതലാകും. എന്നാല്‍ അധികസമയം നീണ്ടുനില്‍ക്കുന്ന മഴ ആവില്ല. ഉച്ച കഴിഞ്ഞ് പരമാവധി ചൂട് അനുഭവപ്പെട്ടതിനു ശേഷം ന്യൂനമര്‍ദപ്പാത്തി പോലെ രൂപപ്പെട്ട് വായു മുകളിലേക്ക് ഉയരാനുള്ള അനുകൂല സാഹചര്യം ഉണ്ടെങ്കിലാണ് ഇടിമേഘങ്ങള്‍ രൂപപ്പെടുന്നത്. മാര്‍ച്ച് ആദ്യം തന്നെ ഇത്തരത്തില്‍ മേഘങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഏതു തീയതിയില്‍ തുടങ്ങുമെന്നു കൃത്യമായി പറയാന്‍ കഴിയില്ല. ചില ഘട്ടങ്ങളില്‍ ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
ഫെബ്രുവരി അവസാനം ലഭിക്കുന്ന മഴയെ കാറ്റിന്റെ ക്രമം മൂലമുണ്ടാകുന്ന വേനല്‍മഴയായി കണക്കാക്കാന്‍ കഴിയില്ല. ഭൂമധ്യരേഖയുടെ സമീപത്തുകൂടി കിഴക്കുനിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് ചക്രവാതച്ചുഴി പോകുന്നുണ്ട്. അതില്‍നിന്ന് ന്യൂനമര്‍ദപാത്തി കേരളത്തിന്റെ ഭാഗത്തേക്കു വരുന്നതു കൊണ്ടാണ് ഇപ്പോള്‍ മഴ ലഭിക്കുന്നത്. വേനല്‍മഴ ഓരോ വര്‍ഷവും എത്രത്തോളം ലഭിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണ് ഏറ്റവും കൃത്യമായി വരുന്നത്. അതുപോലെ വേനല്‍മഴ കണക്കാക്കാനാവില്ല. മുന്‍കാലചരിത്രം അവലോകനം ചെയ്തുള്ള നിരീക്ഷണം മാത്രമേ സാധ്യമാകൂ.

∙ ബംഗാളില്‍ കാല്‍ വൈശാഖി, രാജസ്ഥാനില്‍ ആന്ധി
ഏപ്രിലോടെ രാജ്യത്തിന്റെ മധ്യഭാഗവും വടക്കുകിഴക്കന്‍ പ്രദേശങ്ങളും വടക്കുഭാഗവും കൂടുതല്‍ ചൂടാകും. അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടിമേഘങ്ങള്‍ ഉണ്ടാകും. ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന പ്രദേശത്ത് ഏറെ സമയം നീണ്ടുനില്‍ക്കുന്ന തരത്തില്‍ ശക്തമായ കാറ്റും ഇടിയും സഹിതമാകും മഴ പെയ്യുക. ‘കാല്‍ വൈശാഖി’ എന്നാണ് ഈ മഴ കിഴക്ക്, വടക്കുകിഴക്കന്‍ ഭാഗത്ത് അറിയപ്പെടുക. സൂര്യനെ മറയ്ക്കുന്ന തരത്തില്‍ ശക്തിയുള്ള മേഘങ്ങള്‍ ആയിരിക്കുമെന്നാണ് കരുതുന്നത്.
ചിലപ്പോള്‍ ഹിമാലയത്തിന്റെ തടത്തില്‍നിന്ന് തുടങ്ങി ബിഹാര്‍, ബംഗാള്‍ വഴി ബംഗാള്‍ ഉള്‍ക്കടല്‍ വരെ പോകാനുള്ള ശേഷി ഉണ്ടാകും. വളരെ അപകടകരമായ രീതിയിലാവും ഈ ഭാഗങ്ങളില്‍ വേനല്‍മഴ അനുഭവപ്പെടുക. എന്നാല്‍ രാജസ്ഥാന്‍ ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് നീരാവിയുടെ സാന്നിധ്യം കുറവായതിനാല്‍ മഴ അധികം ലഭിക്കില്ല. എന്നാല്‍ ഇടിമേഘങ്ങള്‍ മൂലമുള്ള ശക്തമായ കാറ്റ് കാരണം പൊടിക്കാറ്റാവും ഇവിടെ അനുഭവപ്പെടുക. 'ആന്ധി (അന്ധകാരം)' എന്നാണ് പ്രദേശികമായി ഇത് അറിയപ്പെടുക. ഓരോ മേഖലയിലും ഭൂപ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് മഴയുടെ അളവിലും കാറ്റിന്റെ ശക്തിയിലും വ്യത്യാസമുണ്ടാകും.
∙ കഴിഞ്ഞത് ശക്തമായ എല്‍നിനോ
വേനല്‍മഴയുടെ അളവും കാലവര്‍ഷവും തമ്മില്‍ താരതമ്യപ്പെടുത്തി ചിലപ്പോഴൊക്കെ പറയാറുണ്ട്. വേനല്‍മഴ കൂടിയാല്‍ കാലവര്‍ഷം കുറയുമോ എന്ന സംശയം ചിലര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതു തമ്മില്‍ വലിയ ബന്ധമൊന്നും പഠനത്തിലൂടെ സ്ഥിരീകരിച്ചിട്ടില്ല. എല്‍നിനോ പ്രതിഭാസം കഴിഞ്ഞ് ലാ നിന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭൂമധ്യരേഖയില്‍ പസഫിക് സമുദ്രം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുന്നതാണ് എല്‍നിനോ. സമുദ്രനിരപ്പിലും മുകളിലുള്ള അന്തരീക്ഷത്തിലും അത് ബാധിക്കും. വലിയ തോതില്‍ അല്ലെങ്കിലും അതിന്റെ പ്രത്യാഘാതം ഇന്ത്യയിലും ഉണ്ടാകും.

വളരെ ശക്തമായ എല്‍നിനോ ആണ് കഴിഞ്ഞുപോയത്. എന്നാല്‍ അതിന്റെ ദോഷവശങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന അത്ര ശക്തമായ ലാ നിന സ്ഥിതി (ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസം) അല്ല ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ എല്‍നിനോ കൊണ്ട് ഉണ്ടായ ചൂട് തുടരാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ടു കൂടി ആയിരിക്കാം ഇവിടെ ഇപ്പോഴും ചൂട് തുടര്‍ന്നുകൊണ്ടിരിക്കുന്നത് - നീതാ ഗോപാല്‍ പറഞ്ഞു.