‘അവളോട് അസൂയ, ഇനി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു’; സഹോദരനു പിന്നാലെ ഹിമാനിയും

Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളിബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാവ്. ഇന്നു രാവിലെയാണ് ഹരിയാന സോനെപട്ടിലെ കഥുര സ്വദേശിയായ ഹിമാനി നർവാളി(23)നെ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ് ഹിമാനി.
പാർട്ടിക്കുള്ളിലെ ഹിമാനിയുടെ പെട്ടെന്നുള്ള വളർച്ചയും മുതിർന്ന നേതാക്കളുമായുള്ള അടുപ്പവും പാർട്ടിയിലെ മറ്റുള്ളവർക്കിടയിൽ അവളോട് വൈരാഗ്യത്തിന് കാരണമായെന്നാണ് അമ്മ പറയുന്നത്. ഹരിയാനയിൽ ഏറെ സ്വാധീനമുള്ള ഹൂഡ കുടുംബവുമായുള്ള അടുപ്പവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമൊത്ത് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും നേതാക്കൾക്കുള്ളിൽ അമർഷത്തിന് കാരണമായെന്നും ഹിമാനിയുടെ മാതാവ് സവിത പറഞ്ഞു. പാർട്ടിയും തിരഞ്ഞെടുപ്പുമാണ് മകളുടെ ജീവനെടുത്തതെന്നും സവിത കുറ്റപ്പെടുത്തി.
‘‘തിരഞ്ഞെടുപ്പും പാർട്ടിയുമാണ് എന്റെ മകളുടെ ജീവനെടുത്തത്. ഇതു രണ്ടും കാരണം അവൾ ശത്രുക്കളെ സമ്പാദിച്ചിരുന്നു. അവളെ കൊലപ്പെടുത്തിയത് പാർട്ടിയിൽനിന്നുള്ളവരോ അല്ലെങ്കിൽ അവളുടെ തന്നെ സുഹൃത്തുക്കളോ ആകും. ഫെബ്രുവരി 28ന് അവൾ വീട്ടിലുണ്ടായിരുന്നു. അവൾ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്നു, അവൾ ഹൂഡ കുടുംബവുമായി ബന്ധം പുലർത്തുന്നു, ഇതെല്ലാം പാർട്ടിക്കുള്ളിലെ തന്നെ ആളുകൾക്ക് അവളോട് അസൂയയുണ്ടാക്കാൻ ഇടയാക്കി. അവളോട് അവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു.’’– സവിത പ്രതികരിച്ചു.
കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ ഭാര്യ ആശ ഹൂഡയുമായി ഹിമാനിക്ക് നല്ല അടുപ്പമുണ്ടായിരുന്നെന്നും സവിത പറഞ്ഞു. മകളുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവൾക്ക് നീതി ലഭിക്കും വരെ അവളുടെ അന്ത്യകർമങ്ങൾ നിർവഹിക്കുകയില്ലെന്നും സവിത ശപഥം ചെയ്തു. ‘‘ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ ഭയന്നാണ് ജീവിച്ചിരുന്നത്. 2011ലാണ് എന്റെ മകൻ കൊല്ലപ്പെട്ടത്, അതിൽ ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചില്ല. അതുകൊണ്ടു തന്നെ മറ്റൊരു മകനെ സുരക്ഷിതമായി ഇരിക്കാനായി ബിഎസ്എഫ് ക്യാംപിലാക്കി. തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി കാര്യത്തിൽ മകൾ (ഹിമാനി) കുറച്ച് നിരാശയിലായിരുന്നു. ഒരു ജോലി വേണമെന്നും പാർട്ടിക്കു വേണ്ടി അധികം പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും അവൾ പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി അവൾ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുകയാണ്. അവൾ വിവാഹത്തിനും സമ്മതിച്ചിരുന്നു. എൽഎൽബിക്ക് പഠിക്കുകയായിരുന്നു. ഇന്നു രാവിലെ ഞാൻ ആശ ഹൂഡയെ വിളിച്ചിരുന്നെങ്കിലും അവർ ഫോണെടുത്തില്ല.’’– സവിത പറഞ്ഞു.
റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുടെയും മകനും എംപിയുമായ ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി.