ADVERTISEMENT

കോട്ടയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുമോ, മുന്നണിയെ നയിക്കുമോ എന്നീ ചോദ്യങ്ങൾ പ്രസക്തമായിരിക്കെ പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഉചിതമായ നിലപാടാകും പാർട്ടി സ്വീകരിക്കുക. ഭരണരംഗത്തു വരുന്നതിനു പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തേയും ജനസേവന മനോഭാവത്തേയും സത്യസന്ധതയേയും കേരളത്തെ വളർത്താനുള്ള നിരീക്ഷണത്തേയും എല്ലാവരും പ്രകീർത്തിക്കുകയാണ്. അത് ഇല്ലാതാക്കാനാണു കുറേക്കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

തന്റെ കഴിവും പാർട്ടി ഉപയോഗിക്കും. അത് ഏതു തരത്തിലാകുമെന്ന് ഇപ്പോൾ‌ പറയാനാകില്ല. 75 വയസ്സ് പ്രായപരിധി പാർട്ടിക്കു ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയസമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയുമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇ.പി. ജയരാജൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

∙ സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുകയാണല്ലോ, വിഭാഗീയത ഇല്ലാതാക്കാനായോ?

1964ൽ ആണ് പാർട്ടിയിൽ വലതുപക്ഷ വ്യതിയാനം ഉണ്ടാവുകയും പാർട്ടി രണ്ടാവുകയും ചെയ്തത്.  പിന്നീട് സിപിഎമ്മും സിപിഐയും രണ്ട് പാർട്ടികളായി വളരെ അകന്നാണ് പ്രവർത്തിച്ചത്. ആ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടെങ്കിലും കഴിയുന്ന മേഖലകളിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ പിന്നീടു തീരുമാനിച്ചു. 1967–68 കാലയളവിൽ പാർട്ടിക്കകത്ത് നക്സലിസം എന്ന പേരിൽ ഇടതുപക്ഷ സാഹസികത ഉയർന്നുവന്നു. ആ നക്സലിസവും പാർട്ടിയെ ഉലച്ചു. ആ ഘട്ടത്തിൽ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് നിലപാട് അംഗങ്ങൾക്കിടയിൽ ബോധ്യപ്പെടുത്തി പാർട്ടി ഉണർന്നു പ്രവർത്തിച്ചു. പിന്നെ ഒരുപാടു മുന്നോട്ടു പോയപ്പോഴാണ് എം.വി. രാഘവൻ ഉയർത്തിക്കൊണ്ടുവന്ന വിഷയമുണ്ടാകുന്നത്. ആ നിലപാടുകളെയും പാർട്ടി ഭംഗിയായി അതിജീവിച്ചു. പാർട്ടിക്ക് അധികം പോറലേൽക്കാതെ കാത്തുസൂക്ഷിക്കാൻ ആ കാലത്തെ പ്രവർത്തനങ്ങൾ കൊണ്ടു കഴിഞ്ഞു. പിന്നെയും പാർട്ടി മുന്നോട്ടുപോയപ്പോഴാണു വിഭാഗീയത വരുന്നത്. ആ വിഭാഗീയത അതിശക്തമായിരുന്നു. രണ്ടു പാർട്ടി കോൺഗ്രസുകൾ ആ പശ്ചാത്തലത്തിലാണു നടന്നത്. എന്നാൽ‌, വിഭാഗീയതയിൽനിന്ന് പാർട്ടിയെ സംരക്ഷിച്ചെടുക്കാൻ കഴിഞ്ഞു. പുതിയ പാർട്ടി കോൺഗ്രസ് ആകുമ്പോഴേക്കും കേരളത്തിലെ പാർട്ടി ഒരു വിഭാഗീയതയുമില്ലാതെ, ഒരു മനസ്സോടെ പ്രവർത്തിക്കുകയാണ്.

∙ ആ സാഹചര്യം പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് സാധിക്കുന്നുണ്ടോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ പാർട്ടി കോൺഗ്രസിലുണ്ടാകും. പാർട്ടിക്കു തിരഞ്ഞെടുപ്പിൽ ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. ആ തിരിച്ചടികളെ മുറിച്ചുമാറ്റി മുന്നോട്ടുവരും. ലോകത്തു വലതുപക്ഷ തീവ്രവാദം ശക്തിപ്പെട്ടുവരികയാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗം ഒരു കാലത്ത് സോഷ്യലിസ്റ്റ് ചിന്താഗതികളിൽ ആകൃഷ്ടരായിരുന്നു. പിന്നീട് സോഷ്യലിസത്തിനു തിരിച്ചടിയുണ്ടായി. എന്നാൽ ഇന്ത്യയുടെ സമീപ രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഗതാർഹമാണ്. അതുപോലുള്ള മാറ്റങ്ങൾ ശക്തിപ്പെട്ടുവരണം. പക്ഷേ, ട്രംപിനെ വിമർശിക്കാൻ‌ കഴിയാത്ത തരത്തിൽ ഇന്ത്യയിലെ അധികാരികൾ മാറിയിരിക്കുകയാണ്. ആർഎസ്എസ് ഒരു വർഗീയ ഫാഷിസ്റ്റ് സംഘടനയാണ്. ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് അവർ സഞ്ചരിക്കുന്നത്.

∙ പക്ഷേ കേന്ദ്രം ഭരിക്കുന്നത് ഫാഷിസ്റ്റ് സർക്കാരല്ല എന്നല്ലേ സിപിഎം പറയുന്നത്?

ഫാഷിസ്റ്റ് സർക്കാരായി കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുപ്പൊന്നും ഉണ്ടാകില്ല. ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ആർഎസ്എസ് ഫാഷിസ്റ്റ് സംഘടനയാണ് എന്നാണ്. അതിൽ ഒരു ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ല. വർഗീയതയെ അടിസ്ഥാനപ്പെടുത്തി ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് അവരുടെ ഫോർമുല. അവരുടെ രാഷ്ട്രീയ പാർട്ടിയായ ബിജെപിയിലും അതു തന്നെയാണു പ്രകടമാകുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്വീകരിക്കുന്ന നിലപാടുകൾ ജാഗ്രതയോടെ കാണണം.

∙ ആർഎസ്എസ് ഫാഷിസ്റ്റാണെങ്കിൽ അവരുടെ സർക്കാരും ഫാഷിസ്റ്റാകില്ലേ?

ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ‌ നൂറോളം എംപിമാരെ ഒന്നിച്ചു സസ്പെൻഡ് ചെയ്തില്ലേ അവർ. പാർലമെന്ററി ജനാധിപത്യത്തെ ദുർബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഒരു ദിവസം രാവിലെ ഫാഷിസ്റ്റ് ആകാൻ കഴിയില്ല. ചിന്തിച്ചു പ്രവർത്തിച്ചു പടിപടിയായി രാജ്യത്തെ ഫാഷിസ്റ്റ് ഭീകരതയിലേക്കു നയിക്കാനാണു ശ്രമിക്കുന്നത്. അവരുടെ നിലപാടുകളും നയങ്ങളും നോക്കിയാൽ അതു മനസ്സിലാകും.

∙ നിർമിത ബുദ്ധിയെക്കുറിച്ച് (എഐ) താങ്കളുടെ നിലപാട് എന്താണ്?

എഐ ലോക വളർച്ചയുടെ ഭാഗമാണ്. മനുഷ്യന്റെ ബുദ്ധിപരമായ വികാസത്തിന്റെ ഭാഗമാണത്. നമുക്ക് അറിയാൻ കഴിയാത്ത ഒരുപാടു കാര്യങ്ങൾ നമ്മൾ ഇതുവഴി മനസ്സിലാക്കുകയാണ്. മനുഷ്യൻ ചന്ദ്രനിലേക്കും ബഹിരാകാശത്തും പോവുകയല്ലേ. മനുഷ്യന് അറിയാത്ത ഒരുപാടു പ്രപഞ്ച രഹസ്യങ്ങൾ ഇനിയുമുണ്ട്. നമുക്ക് അറിയാവുന്നതു ചെറിയ അറിവുകളാണ്. ആ അറിവിന്റെ മേഖല വികസിപ്പിക്കാനാണു മനുഷ്യൻ ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് എഐ.

∙ മൂന്നാം എൽഡിഎഫ് സർക്കാർ വന്നാൽ നയിക്കുക പിണറായി വിജയൻ ആയിരിക്കുമോ?

ആ ചോദ്യത്തിനു പ്രസക്തിയില്ലെന്നാണ് എന്റെ നിലപാട്. കേരളത്തിന്റെ വളർച്ച നിരീക്ഷിക്കുമ്പോൾ ആ ചോദ്യം അപ്രസക്തമാണ്.

∙ വരുന്ന തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥയിൽ പിണറായിക്ക് ഇളവുണ്ടാകുമോ?

കേരളത്തിലെ ഭരണരംഗത്തിനു നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും. ഉചിതമായ നിലപാടാകും പാർട്ടി സ്വീകരിക്കുക. ഭരണരംഗത്തു വരുന്നതിനു പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തേയും ജനസേവന മനോഭാവത്തേയും സത്യസന്ധതയേയും കേരളത്തെ വളർത്താനുള്ള വലിയ നിരീക്ഷണത്തേയും എല്ലാവരും പ്രകീർത്തിക്കുകയാണ്. അതില്ലാതാക്കാനാണ് കുറേക്കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ല.

∙ പിണറായി മത്സരിക്കാനുണ്ടാകില്ല എന്നാൽ മുന്നണിയെ നയിക്കുമെന്ന തരത്തിലുള്ള പല കാര്യങ്ങളും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പ്രചരിക്കുന്നുണ്ടല്ലോ?

പിണറായിയുടെ ഏതൊക്കെ സേവനങ്ങൾ ഉപയോഗപ്പെടുത്താമോ അതെല്ലാം പാർട്ടി ഉപയോഗിക്കും.

∙ ഒന്നാം പിണറായി മന്ത്രിസഭയിൽ താങ്കൾ അംഗമായിരുന്നല്ലോ. സീനിയേഴ്സിനെ പാടേ തഴഞ്ഞ് അധികാരത്തിലെത്തിയ രണ്ടാം പിണറായി മന്ത്രിസഭയിൽ താങ്കൾ തൃപ്തനാണോ?

കേരളം പുതിയ കുതിപ്പിലാണ്. അനുദിനം കേരളം മെച്ചപ്പെട്ടു വരികയാണ്. അതിനു പിന്നിൽ പിണറായിയും മന്ത്രിസഭാംഗങ്ങളും ഒരു ടീമായാണു പ്രവർത്തിക്കുന്നത്.

∙ ഭരണരംഗത്ത് പ്രായപരിധി ബാധകമായിരിക്കില്ലേ?

ഭരണരംഗത്ത് നിൽക്കുന്നതിൽ പ്രായപരിധി പാർട്ടി നിശ്ചയിച്ചിട്ടില്ല. പാർട്ടിയുടെ സംഘടനാ തലത്തിലെടുത്ത തീരുമാനം പാർട്ടിക്കു വേണ്ടിയുള്ളതാണ്. പുതിയ നേതൃനിരയെ ഉയർത്തിക്കൊണ്ടുവരാനാണ് ആ തീരുമാനം.

∙ ആ പ്രായപരിധിയിൽ തട്ടി കേന്ദ്രകമ്മിറ്റിയിൽനിന്നു താങ്കൾ ഒഴിവാകുമോ?

അതൊക്കെ ചർച്ച ചെയ്യുന്നവർ ചർച്ച ചെയ്തു സന്തോഷിക്കട്ടെ.

∙ ശരിക്കും 75 വയസ്സ് പ്രായപരിധിയിൽ‌ താങ്കൾക്കു യോജിപ്പുണ്ടോ?

75 വയസ്സ് പ്രായപരിധി പാർട്ടിക്കു ഗുണം ചെയ്യും. 75 കഴിഞ്ഞവരുടെ പരിചയസമ്പത്തും പാർട്ടിക്ക് ഉപയോഗിക്കാൻ കഴിയും.

∙ അങ്ങനെയെങ്കിൽ താങ്കളെയും പാർട്ടി തഴയില്ല?

എന്റെ കഴിവും പാർട്ടി ഉപയോഗിക്കും.

∙ എങ്ങനെയാകും ഉപയോഗിക്കുക?

അത് ഇപ്പോൾ പറയാനാകില്ല. പ്രായപരിധി നിബന്ധന പാർട്ടിക്കു ഗുണം ചെയ്യും. ദോഷം മാത്രം കാണാൻ നിന്നാൽ അതിനേ സമയമുണ്ടാകൂ.

English Summary:

Interview with CPM Leader E.P. Jayarajan : Pinarayi Vijayan's future role in the CPM and the upcoming assembly elections is the central focus of the interview. The discussion also covers the party's internal dynamics, its assessment of the BJP and RSS, and its perspective on technological advancements like artificial intelligence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com