യുഎസ് സ്ട്രറ്റീജിക് ബിറ്റ്കോയിൻ റിസർവ്: ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

Mail This Article
വാഷിങ്ടൺ∙ സ്ട്രറ്റീജിക് ബിറ്റ്കോയിൻ റിസർവ് സൃഷ്ടിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ട്രംപിന്റെ എഐ, ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവ് ഡേവിഡ് സാക്സ് ഉത്തരവിന്റെ വിശദാംശങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവച്ചു. ക്രിമിനൽ, സിവിൽ കേസുകളുടെ ഭാഗമായി കണ്ടുകെട്ടിയ ബിറ്റ്കോയിൻ ഉപയോഗിച്ചായിരിക്കും ബിറ്റ്കോയിൻ റിസർവ് നിർമിക്കുക. ഇതിനായി നികുതിദായകരുടെ പണം ഉപയോഗിക്കില്ലെന്ന് സാക്സ് വ്യക്തമാക്കി.
കൃത്യമായ ഓഡിറ്റ് നടന്നിട്ടില്ലെങ്കിലും, യുഎസ് സർക്കാരിന്റെ കൈവശം ഏകദേശം 2,00,000 ബിറ്റ്കോയിനുകൾ ഉണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്തരവു പ്രകാരം റിസർവിൽനിന്ന് സർക്കാരിനു ബിറ്റ്കോയിൻ വിൽക്കാൻ സാധിക്കില്ല. ഇത് ഒരു ദീർഘകാല മൂല്യ ശേഖരമായി മാറ്റും. ബിറ്റ്കോയിനുകൾ നേരത്തെ വിറ്റതിലൂടെ 17 ബില്യൺ ഡോളറിന്റെ ലാഭം നഷ്ടപ്പെടുത്തിയതായി സാക്സ് നേരത്തെ പറഞ്ഞിരുന്നു.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കും പദ്ധതിയുടെ വികസനത്തിന് മേൽനോട്ടം വഹിക്കും. റിസർവ് വിപുലീകരിക്കുന്നതിനു ബജറ്റ് നിഷ്പക്ഷ തന്ത്രങ്ങളിലായിരിക്കും ഉപയോഗിക്കുക. ബിറ്റ്‌കോയിൻ, എതെറിയം, മറ്റ് മൂന്ന് ടോക്കണുകൾ എന്നിവ സർക്കാർ സംഭരിക്കുമെന്ന ട്രംപിന്റെ സമീപകാല സമൂഹമാധ്യമ പോസ്റ്റിനെ തുടർന്നാണ് ഈ നീക്കം. യുഎസിനെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനം ആക്കാനുള്ള ട്രംപിന്റെ നീക്കത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സാക്‌സ് പുതിയ നയത്തെ വിശേഷിപ്പിച്ചു.