‘വൻ സംഘം അല്ലെങ്കിൽ ഒരു രാജ്യം’: എക്‌സിനെതിരെ സൈബർ ആക്രമണമെന്ന് മസ്ക്

Mail This Article
വാഷിങ്ടൻ ∙ സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന സംശയിച്ച് ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. തിങ്കളാഴ്ച ‘എക്‌സ്’ (ട്വിറ്റർ) വലിയ സൈബർ ആക്രമണം നേരിട്ടതിനെ തുടർന്നാണു പ്രവർത്തനം മുടങ്ങിയതെന്നും ഇതിനുപിന്നിൽ സംഘടിതശക്തി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചത്. ഇന്ത്യയിലുൾപ്പെടെ പലയിടത്തും ഇപ്പോഴും ‘എക്‌സ്’ പ്രശ്നം നേരിടുന്നുണ്ട്.
‘‘എക്‌സിനെതിരെ വലിയ സൈബർ ആക്രമണം ഉണ്ടായി, ഇപ്പോഴുമുണ്ട്. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്തത്. ഒന്നുകിൽ വലിയ, ഏകോപിത സംഘം അല്ലെങ്കിൽ ഒരു രാജ്യം ഇതിനു പിന്നിലുണ്ട് . കാരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്..’’– മസ്ക് എക്സിലെ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞദിവസം 3 തവണ ഇന്റർനെറ്റ് തടസ്സപ്പെട്ടെന്നാണു റിപ്പോർട്ട്. ഓരോ തടസ്സവും ഒരു മണിക്കൂറോളം നീണ്ടു.
ഡൗൺഡിറ്റക്ടർ പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞ് 3 മണിയോടെയാണു തടസ്സങ്ങൾ കണ്ടത്. ഇന്ത്യൻ ഉപയോക്താക്കള്‍ ഏകദേശം 2,200 റിപ്പോർട്ടുകൾ രേഖപ്പെടുത്തി. വൈകിട്ട് 7.30ന് വീണ്ടും 1,500 റിപ്പോർട്ടുകൾ വന്നു. രാത്രി 9 മണിയോടെയും പ്രശ്‌നങ്ങൾ നേരിട്ടു. 52 ശതമാനം പ്രശ്‌നങ്ങളും വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതാണ്. 41 ശതമാനം ആപ്പുമായി ബന്ധപ്പെട്ടതും 8 ശതമാനം പ്രശ്‌നങ്ങൾ സെർവർ കണക്‌ഷനുമായി ബന്ധപ്പെട്ടതാണെന്നാണു വിവരം. 2022ലാണ് 44 ബില്യൻ ഡോളറിനു എക്‌സിനെ മസ്ക് സ്വന്തമാക്കിയത്.