ഒരു വർഷത്തിനു ശേഷം ശംഭു അതിർത്തി തുറക്കുന്നു; സമരം ചെയ്ത കർഷകരെ നീക്കി, പന്തലുകൾ പൊളിച്ചുമാറ്റി

Mail This Article
ചണ്ഡീഗഡ്∙ കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഹരിയാന ഭാഗത്തെ തടസ്സങ്ങൾ കൂടി നീക്കിയാൽ റോഡുകളിൽ കൂടി ഗതാഗതം സാധ്യമാകും.
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശംഭു അതിർത്തിയിലേക്കു മടങ്ങിയ കർഷക നേതാക്കളെ പൊലീസ് തടഞ്ഞുവച്ചിരുന്നു. സർവാൻ സിങ് പന്ഥേർ, ജഗ്ജിത് സിങ് ദല്ലേവാൾ എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് മൊഹാലിയിൽ തടഞ്ഞത്.
സംസ്ഥാനത്തിന്റെ ജീവനാഡിയായ രണ്ടു ദേശീയപാതകൾ ദീർഘകാലമായി അടച്ചിട്ടിരിക്കുന്നത് വ്യവസായങ്ങളെയും വ്യാപാരങ്ങളെയും പ്രതികൂലമായി ബാധിച്ചതായി പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ ആം ആദ്മി പാർട്ടി പ്രതിജ്ഞാബദ്ധമാണ്. വ്യാപാരവും വ്യവസായവും സുഗമമായി പ്രവർത്തിച്ചാൽ യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും ഹർപാൽ സിങ് പറഞ്ഞു.
കർഷക പ്രതിഷേധം നടക്കുന്ന രണ്ടിടങ്ങളിലും ബുധനാഴ്ച രാവിലെ തന്നെ കനത്ത പൊലീസ് വിന്യാസം നടത്തിയിരുന്നു. പ്രദേശത്ത് ആംബുലൻസുകൾ, ബസുകൾ, അഗ്നിശമന വാഹനങ്ങൾ, എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. ഇത് പൊലീസ് നടപടികള്‍ ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നതായും കർഷകർ പറഞ്ഞു.