ADVERTISEMENT

കൊച്ചി ∙ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലില്‍ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ലെയിം കമ്മിഷണറുടെ റിപ്പോർട്ട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽനിന്നും പിന്തുണക്കാരിൽനിന്നും ഈടാക്കണമെന്ന് ക്ലെയിം കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇന്നു കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് വീണ്ടും ഏപ്രിൽ 3ന് പരിഗണിക്കാൻ മാറ്റി.

2022 സെപ്റ്റംബർ 23നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ. ഹർത്താലിലുണ്ടായ അക്രമത്തിൽ 59 ബസുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഹൈക്കോടതി നിർദേശപ്രകാരം നാശനഷ്ടത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പട്ടിക കെഎസ്ആർടിസി സമർപ്പിച്ചിരുന്നു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം പരിശോധിച്ച ക്ലെയിം കമ്മിഷണർ പി.ഡി.ശാർങ്ധരൻ, സ്വത്തുവകകള്‍ പിടിച്ചെടുക്കാൻ ഉത്തരവിട്ടത് ഹൈക്കോടതി ആയതിനാൽ ഇതിന്മേലുള്ള എതിർപ്പുകൾ കോടതി മുൻപാകെ ഉന്നയിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന പൊലീസ് അധികാരികളുടെ ഉറപ്പിൽ സാധാരണയെന്നോണമാണ് കെഎസ്ആർടിസി ഹർത്താൽ ദിനത്തിൽ സർവീസ് ആരംഭിച്ചത്. അന്ന് ആകെയുള്ള ബസുകളിൽ 62 ശതമാനം വരുന്ന 2439 ബസുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. 9770 ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാവുകയും ചെയ്തു. എന്നാൽ ഹർത്താൽ അക്രമാസക്തമാവുകയും കല്ലേറിലും മറ്റും 58 ബസുകൾക്ക് കേടുപാടുകൾ‍ പറ്റകയും 10 ജീവനക്കാർക്കും ഒരു യാത്രികനും പരുക്കേൽക്കുകയും ചെയ്തു. പിന്നീട് സർവീസ് നടത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കെഎസ്ആർടിസിക്ക് ഉണ്ടായ നഷ്ടം 5.14 കോടി രൂപയാണ്. തുടർന്ന് ഇതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹർജി നൽകുകയായിരുന്നു.

ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് സ്വത്തുവകകൾ പിടിച്ചെടുത്ത 169 വ്യക്തികൾക്ക് നോട്ടിസ് അയച്ചു. എന്നാൽ ചിലർ ഇതിനോട് എതിർക്കുകയും മറ്റു ചിലർ തങ്ങളുടെ സ്വത്തുവകകള്‍‍ പിടിച്ചെടുത്ത് മാറ്റിക്കിട്ടിയെന്നും വ്യക്തമാക്കി. തുടർന്ന് ജില്ലാ കലക്ടറിൽനിന്നു ലഭിച്ച അന്തിമ പട്ടികയുടെ അടിസ്ഥാനത്തിൽ 26 വ്യക്തികൾക്ക് ക്ലെയിം കമ്മിഷൻ നോട്ടിസ് അയയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസി 93 സ്ഥലങ്ങളിൽ നിന്നാണ് സർവീസ് നടത്തുന്നത്. തുടർന്ന് നഷ്ടം കണക്കാക്കാനായി 2022 സെപ്റ്റംബർ 16 മുതൽ 22 വരെയുള്ള തീയതികളിലെ വരുമാനം പരിശോധിച്ചു.

ആക്രമിക്കപ്പെട്ട 59 ബസുകളുടെ നഷ്ടം ഉൾപ്പെടെ 3.75 കോടി രൂപയാണ് ഇത്തരത്തിൽ ആകെ ശരാശരി നഷ്ടം വന്നത്. ബസുകള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകൾ‍ ഇപ്പോഴും നടക്കുന്നതിനാൽ ഇതുമൂലമുള്ള നഷ്ടം പ്രത്യേകമായി പരിഗണിച്ച് കുറച്ചാൽ ഹർത്താൽ ദിവസമുണ്ടായ നഷ്ടം 3.65 കോടി രൂപയാണ്.

തുടർന്ന് കെഎസ്ആർടിസിയുടെ ശരാശരി ഡീസൽ ഉപയോഗത്തിനുള്ള തുക കണക്കാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 16 മുതൽ 22 വരെ ശരാശരി ഡീസൽ ഉപയോഗം 2.85 കോടി രൂപയുടേതാണ്. എന്നാൽ ഹർത്താൽ ദിനം ഓടിച്ചതു വഴി ചിലവായ ഡീസൽ തുക 1.62 കോടി രൂപയാണ്. ഇതുപ്രകാരം ഹർത്താൽ ദിനത്തിൽ കെഎസ്ആര്‍ടിസി ലാഭിച്ച ഡീസൽ തുക 1.23 കോടി രൂപയാണ്. ഇത്തരത്തിൽ ആകെയുള്ള നഷ്ടത്തിൽ നിന്നു ലാഭിച്ച ഡീസലിന്റെ തുക കുറച്ചാൽ ആകെയുണ്ടായ നഷ്ടത്തിന്റെ തുക 2.43 കോടി രൂപയാണെന്നും ക്ലെയിം കമ്മിഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി.

English Summary:

Popular Front to pay compensation to KSRTC: Court-appointed commissioner’s report details the damages caused to KSRTC buses and recommends recovering the sum from those involved in the violence.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com