ഷിൻഡയെപ്പറ്റിയുള്ള ആ ‘തമാശ’ ഇഷ്ടപ്പെട്ടില്ല; കുനാലിനെതിരെ പ്രതിഷേധം, ഹോട്ടൽ അടിച്ചുതകർത്തു

Mail This Article
മുംബൈ ∙ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പറ്റി സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന. സംഘടിച്ചെത്തിയ ശിവസേന പ്രവര്‍ത്തകര്‍, പരിപാടി നടന്ന ഹോട്ടലിന്റെ ഓഫിസ് അടിച്ചുതകർത്തു. ഞായറാഴ്‌ചത്തെ ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞെന്നാണ് ആരോപണം.
‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. 2022ൽ ഉദ്ധവ് താക്കറെയുമായി ഇടഞ്ഞു വിമതനായ ഷിൻഡെ, പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ അവിഭക്ത ശിവസേനയുടെ മേധാവിയുമായി. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണു ശിവസേന പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയത്.
കുനാല്‍ വാടക കൊമീഡിയന്‍ ആണെന്നും പണത്തിനു വേണ്ടിയാണു ഷിന്‍ഡെയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നും ശിവസേന എംപി നരേഷ് മസ്‌കെ പറഞ്ഞു.‘‘കുനാൽ ഒരിക്കലും പാമ്പിന്റെ വാലിൽ ചവിട്ടരുതായിരുന്നു. കുറച്ചു പണത്തിനു വേണ്ടി അദ്ദേഹം ഞങ്ങളുടെ നേതാവിനെതിരെ പറയുന്നു. മഹാരാഷ്ട്രയില്‍ എന്നല്ല, കുനാലിന് ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി പോകാൻ കഴിയില്ല’’– നരേഷ് മസ്‌കെ പറഞ്ഞു.
സംഭവത്തിനു പിന്നാലെ, കുനാലിന്റെ പരിപാടി നടന്ന ഹാബിറ്റാറ്റ് സ്റ്റുഡിയോ അടച്ചിടാൻ തീരുമാനിച്ചതായി ഉടമകൾ അറിയിച്ചു. ആക്രമണം ഞെട്ടിച്ചെന്നും തടസ്സമില്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകുന്ന പുതിയ ഇടത്തിനായുള്ള തിരച്ചിലിലാണെന്നും ഹാബിറ്റാറ്റ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കുനാല്‍ കമ്രയ്‌ക്കു പിന്തുണയുമായി ശിവസേന (യുടിബി) എംപി പ്രിയങ്ക ചതുർവേദി രംഗത്തുവന്നു. ‘‘പ്രിയപ്പെട്ട കുനാൽ, ശക്തമായി നിൽക്കൂ. നിങ്ങൾ തുറന്നുകാട്ടിയ ആളും സംഘവും നിന്നെ പിന്തുടരും. പക്ഷേ സംസ്ഥാനത്തെ ജനങ്ങള്‍ ഈ വികാരം പങ്കിടുന്നുണ്ടെന്നു മനസ്സിലാക്കുക! വോൾട്ടയർ പറഞ്ഞതുപോലെ, നിങ്ങളുടെ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശം ഞാൻ മരണം വരെ സംരക്ഷിക്കും’’– പ്രിയങ്ക അഭിപ്രായപ്പെട്ടു.