10 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 42 വർഷം കഠിനതടവും 1.05 ലക്ഷ രൂപ പിഴയും

Mail This Article
നാദാപുരം ∙ പത്തു വയസ്സുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 42 വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാണിമേൽ പരപ്പുപാറ സ്വദേശി ദയരോത്തുകണ്ടി ഷൈജുവിനാണ് (42) ശിക്ഷ വിധിച്ചത്. മാതാവിന്റെ സംരക്ഷണം ലഭിക്കാതെ കഴിയുകയായിരുന്ന ബാലികയെയാണ് പ്രതി ഉപദ്രവിച്ചത്.
നാട്ടുകാർക്കു സംശയമുണ്ടായതോടെ ബാലികയെ ബാലികാസദനത്തിലേക്കു മാറ്റിയിരുന്നു. തുടർന്ന് വളയം പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഷൈജുവിന്റെ ഉപദ്രവത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. പോക്സോ കോടതി ജഡ്ജി കെ.നൗഷാദലിയാണു ശിക്ഷ വിധിച്ചത്. ഇൻസ്പെക്ടർമാരായ ജെ.ആർ.രഞ്ജിത്ത് കുമാർ, ഇ.വി.ഫായിസ് അലി, എഎസ്ഐ കുഞ്ഞുമോൾ എന്നിവരാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.