ADVERTISEMENT

ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.രാധാകൃഷ്ണൻ എംപി പാർലമെന്റിൽ. ബില്ലിനെ എതിർത്ത് പൂർണമായും മലയാളത്തിൽ സംസാരിച്ച അദ്ദേഹം മുസ്‍ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. ജർമൻ കവി മാർട്ടിൻ നീമോളറുടെ കവിതയും സഭയിൽ ഉദ്ധരിച്ചു. ‘‘ഓരോ മതവിഭാഗത്തിനും അവരുടേതായ താൽപര്യം സംരക്ഷിക്കാനുള്ള അവസരം നൽകണം. ബില്ലിനെ അനുകൂലിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം എനിക്ക് സൂചിപ്പിക്കണം. നമുക്ക് അറിയാം ഹിറ്റ്‍ലർ എങ്ങനെയാണ് ജർമനിയെ ഫാഷിസത്തിലേക്ക് കൊണ്ടുപോയതെന്ന്. അന്ന് ഫാഷിസത്തെ പിന്തുണച്ച മാർട്ടിൻ നീമോളർ എന്ന കവി പിന്നീട് പറഞ്ഞത്  ഇങ്ങനെയാണ്:‘അവർ ആദ്യം വന്നത് കമ്യൂണിസ്റ്റുകാരെ തിരഞ്ഞാണ്, അന്നു ഞാൻ എതിർത്തില്ല. കാരണം ഞാൻ കമ്യൂണിസ്റ്റ്് ആയിരുന്നില്ല, രണ്ടാമത് വന്നത് സോഷ്യലിസ്റ്റുകളെ അന്വേഷിച്ചാണ്, അന്നും ഞാൻ എതിർത്തില്ല, പിന്നീട് വന്നത് ട്രേഡ് യൂണിയൻ നേതാക്കളെ, പിന്നീട് അവർ വന്നത് ജൂതന്മാരെ അന്വേഷിച്ചാണ്. അവസാനം അവർ വന്നത് എന്നെ അന്വേഷിച്ചാണ്. അപ്പോൾ എന്നെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു’, അതുപോലെ ഈ ബില്ലിനെ അനുകൂലിക്കുന്നവർക്ക് ഭാവിയിൽ ആരുമില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണം’’– രാധാകൃഷ്ണൻ പറഞ്ഞു. 

ബിൽ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവശങ്ങൾക്കു മേലുള്ള ലംഘനമാണിത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‍ലിം സമുദായത്തിന്റെ അവകാശങ്ങൾ ദുർബലപ്പെടുത്താനും മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കടക്കുന്നതിന്റെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാൻ ഈ ബിൽ ഉദ്ദേശിക്കുന്നു. മുസ്‍ലിം സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ല. ഭരണഘടനയുടെ 27-ാം അനുച്ഛേദമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. വഖഫ് ബോര്‍ഡില്‍ അമുസ്‍ലിംകളെ ഉള്‍പ്പെടുത്തുന്നത് മുസ്‍ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിലെ ദേവസ്വം ബോര്‍ഡിൽ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അയാൾ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരമാണ് നടത്തിയത്. ’’–രാധാകൃഷ്ണൻ പറഞ്ഞു.  ദേവസ്വം ബോർഡിന്റെ കാര്യം പറയുന്നതിനിടെ ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇത് ശ്രദ്ധിക്കുന്നുണ്ട് എന്നും രാധാകൃഷ്ണൻ പറഞ്ഞു.

അതേസമയം, ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.രാധാകൃഷ്ണൻ പേരു പരാമർശിച്ച സ്ഥിതിക്ക് സുരേഷ് ഗോപിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ‘‘നിങ്ങൾ കേരള നിയമസഭയിൽ പാസാക്കിയ പ്രമേയം രാജ്യസഭയിൽ ഈ ബിൽ പാസാകുന്നതോടെ അറബിക്കടലിൽ കളയേണ്ടി വരും. അതിനു വേണ്ടി നിങ്ങൾ കാത്തിരിക്കൂ.’’– സുരേഷ് ഗോപി പറഞ്ഞു.

അതേസമയം മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാരിന്റെ അജൻഡയെന്ന് കെ.സി.വേണുഗോപാൽ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

Waqf Amendment Bill: The Waqf Amendment Bill is facing strong opposition in Lok Sabha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com