രാജശിൽപി; പുതുശിൽപങ്ങളുടെ മൂശയിൽ ഭാവന ഉരുക്കുന്ന കാനായി
Mail This Article
കേരളത്തിൽ ആസ്വാദന വിപ്ലവം തീർത്ത മലമ്പുഴയിലെ യക്ഷിശിൽപത്തിനു പ്രായം 52. ആ വിപ്ലവം സൃഷ്ടിച്ച ശിൽപി കാനായി കുഞ്ഞിരാമൻ ഇന്നു ശതാഭിഷിക്തനാകുന്നു. 84–ാം വയസ്സിലും പുതുശിൽപങ്ങളുടെ മൂശയിൽ അക്ഷീണം ഭാവന ഉരുക്കുന്ന തിരക്കിലാണു കാനായി.
കാടുപിടിച്ചു നശിച്ച മലമ്പുഴ ഉദ്യാനത്തിനു ശിൽപങ്ങൾകൊണ്ടു പുതുമോടി തീർക്കാനുള്ള ചുമതലയുമായി മദ്രാസിൽനിന്നു നാട്ടിലേക്കു വരുമ്പോൾ 30 വയസ്സുകാരൻ കുഞ്ഞിരാമൻ ആരുമറിയാത്ത പുതുമുഖമായിരുന്നു. എന്തു ശിൽപം എന്ന ആലോചന ഒരു മാസത്തോളം നീണ്ടു. ഇംഗ്ലണ്ടിൽനിന്നു ശിൽപകല പഠിച്ചു വന്നതിനാൽ ആധുനിക കലാസങ്കൽപത്തിലുള്ള അമൂർത്ത രൂപമാണു മനസ്സിൽ ആദ്യം തെളിഞ്ഞത്.
കരിമ്പനകൾ നിറഞ്ഞ, പാലകളുടെ നാടായ പാലക്കാട്ട് യക്ഷിയാണു വലിയ മിത്ത്. പക്ഷേ, പരമ്പരാഗത യക്ഷിസങ്കൽപം കുഞ്ഞിരാമനു സ്വീകാര്യമായിരുന്നില്ല. ഒരു രാത്രി മാനം നോക്കി കിടക്കുന്ന നേരത്താണ് ആ രൂപം ആദ്യം തെളിഞ്ഞതെന്നു കുഞ്ഞിരാമൻ പറയുന്നു. സഹ്യപർവതത്തിന് അഭിമുഖമായി കുത്തിയിരിക്കുന്ന, പൂങ്കുലപോലെ മുടിയുള്ള നഗ്നയായ യക്ഷി!. ശിൽപിക്ക് ആ യക്ഷി പ്രകൃതിദേവിയായിരുന്നു. ആശയം പറഞ്ഞപ്പോൾ സ്ഥലം ഉടമകളായ ജലസേചന വകുപ്പിൽനിന്ന് എതിർപ്പുകൾ മാത്രം. എങ്കിൽ താൻ മടങ്ങുന്നുവെന്നു വ്യക്തമാക്കിയതോടെ അവർ അയഞ്ഞു. പണി തുടങ്ങിയപ്പോൾ നാട്ടിലാകെ എതിർപ്പായി. തുണിയുടുക്കാത്ത ശിൽപമുണ്ടാക്കുന്ന ശിൽപിയെ ഒരു രാത്രി ഏതാനുംപേർ വഴിക്കു വച്ചു തല്ലി വീഴ്ത്തി. പക്ഷേ, അടികൊണ്ടു പിന്തിരിഞ്ഞോടാതെ, ഭീഷണികൾക്കു മുന്നിൽ വാശിയോടെ കുഞ്ഞിരാമൻ 30 അടി ഉയരമുള്ള നഗ്നയക്ഷിയെ പൂർത്തിയാക്കി. കേരളം അന്നോളം കണ്ടതിൽവച്ചേറ്റവും വലിയ ശിൽപം. അന്യനാടുകളിൽനിന്നു വരെ യക്ഷിയെ കാണാൻ ആളുകൾ ഒഴുകിയെത്തി. പിന്നെ, നാടെതിർത്ത ആ യക്ഷിയായി നാടിന്റെ മേൽവിലാസം. കേരളത്തിലെ കലാസ്വാദനത്തിൽ അങ്ങനെയൊരു ഒറ്റയാൻ കലാപം കൊണ്ട് വിപ്ലവം സൃഷ്ടിക്കുകയായിരുന്നു കനായിയിലെ കുഞ്ഞിരാമൻ. അതോടെ കാനായി ആധുനിക കേരളത്തിന്റെ രാജശിൽപിയായി.
‘ഷോക്ക് കൊടുക്കുന്നതു പോലെ ജനങ്ങളെ ഉണർത്തുന്നതാണു കല, അല്ലാതെ താരാട്ടു പാടി ഉറക്കുന്നതല്ല’– ശിൽപിയുടെ ന്യായം.
യക്ഷിക്കു ശേഷം തിരുവനന്തപുരം ശംഖമുഖം തീരത്തെ ‘സാഗര കന്യക’ അടക്കം രാജ്യാന്തര തലത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ ശിൽപങ്ങൾ പലതും കാനായി കുഞ്ഞിരാമൻ പൂർത്തിയാക്കിയത് എതിർപ്പുകളോടു പോരടിച്ചു തന്നെയാണ്. അതിലൊന്നിലും കലയ്ക്കപ്പുറമുള്ള താൽപര്യങ്ങളുമുണ്ടായിരുന്നില്ല. നാടിനു പെരുമയായ കൂറ്റൻ ശിൽപങ്ങൾക്കായൊന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നതു തന്നെ സാക്ഷ്യം.
കേരളത്തിൽ ആസ്വാദന വിപ്ലവം തീർത്ത യക്ഷിക്ക് പ്രായം 52 ആയി. ആ വിപ്ലവം തീർത്ത ശിൽപി ഇന്നു ശതാഭിഷിക്തനാകുന്നു. ആയിരം പൂർണചന്ദ്രകാലം പൂർത്തിയാക്കി 84 വയസ്സിൽ തൊടുമ്പോഴും പുതുശിൽപങ്ങളുടെ മൂശയിൽ അക്ഷീണം ഭാവന ഉരുക്കുന്ന തിരക്കിലാണു കാനായി.
നെഹ്റു കണ്ട കുഞ്ഞിരാമ വൈഭവം
കുഞ്ഞു കുഞ്ഞിരാമനു വരയോടായിരുന്നു കമ്പം. പക്ഷേ, മകനൊരു കലാകാരനാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത മാടമ്പിയായ അച്ഛൻ രാമന് എതിർപ്പു മാത്രം. എന്നിട്ടും രഹസ്യമായി വര തുടർന്നു. നാട്ടിൽ പലർക്കും ചിത്രം വരച്ചു നൽകി. ചെറിയ പ്രതിഫലവും കിട്ടി. അക്കാലത്ത് െചറുവത്തൂരിൽ തുണിക്കട നടത്തിയിരുന്ന കാവേരി കൃഷ്ണൻ തുന്നൽക്കാരുടെ ഒരു ഘോഷയാത്രക്കായി ജവാഹർലാൽ നെഹ്റുവിന്റെ കട്ടൗട്ട് തയാറാക്കാമോ എന്ന് ഹൈസ്കൂൾ വിദ്യാർഥിയായ കുഞ്ഞിരാമനോട് ചോദിച്ചു.
കൃഷ്ണന്റെ കടയിലിരുന്ന് അതു പൂർത്തിയാക്കി. നെഹ്റുവിന്റെ അതേ വലുപ്പത്തിൽ തടിയിൽ രൂപം വെട്ടി അതിൽ വരയ്ക്കുകയായിരുന്നു. ജാഥ കഴിഞ്ഞ് അതു കടയുടെ മുന്നിൽ സ്ഥാപിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം കൊച്ചിയിൽ ഒരു പരിപാടിക്കെത്തിയ നെഹ്റു മംഗലാപുരത്തേക്കു ട്രെയിനിൽ പോകുമ്പോൾ വെള്ളം നിറയ്ക്കാനായി ചെറുവത്തൂരിൽ ട്രെയിൻ നിർത്തി. നെഹ്റുവിന്റെ കംപാർട്മെന്റ് നിന്നത് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ള കൃഷ്ണന്റെ കടയുടെ മുന്നിൽ!
ചിത്രം കണ്ടു കൗതുകത്തോടെ പുറത്തിറങ്ങിയ നെഹ്റു കട്ടൗട്ടിന് സമീപമെത്തി അതിനൊപ്പം ചിത്രവും എടുത്താണ് മടങ്ങിയത്. അതറിഞ്ഞിട്ടും പക്ഷേ അച്ഛന്റെ മനസ്സലിഞ്ഞില്ല. വീട്ടിൽ നിൽക്കാനാവില്ലെന്ന അവസ്ഥ വന്നതോടെ മദ്രാസിൽ ജോലി ചെയ്തിരുന്ന സുഹൃത്തിനൊപ്പം നാടുവിട്ടു. വര ശാസ്ത്രീയമായി പഠിക്കണമെന്നായിരുന്നു മോഹം.
മദ്രാസ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ പ്രവേശനത്തിന് അപേക്ഷിച്ചു. പ്രശസ്ത മലയാളി ചിത്രകാരനായ കെ.സി.എസ്.പണിക്കർ അവിടെ അധ്യാപകനായിരുന്നു. പ്രവേശന പരീക്ഷ മുഴുവൻ വരയായിരുന്നു. എന്നിട്ടും അതു കഴിഞ്ഞപ്പോൾ ‘കുഞ്ഞിരാമൻ ശിൽപകല പഠിച്ചാൽ മതി’ എന്നായി പണിക്കരുടെ നിർദേശം. ആ ഉപദേശമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് കാനായി പറയുന്നു. കയ്യിൽ പണമില്ലെന്നും കിടക്കാൻ ഇടമില്ലെന്നും അറിയിച്ചതോടെ പണിക്കരാണ് അവിടുത്തെ കന്റീൻ ഉടമയായ തമിഴ്നാട്ടുകാരൻ മാധവനെ പരിചയപ്പെടുത്തുന്നത്. പച്ചക്കറി അരിയാനും സാധനങ്ങൾ വാങ്ങാനുമെല്ലാം അവിടെ സഹായിയായി കൂടി. കന്റീനിനോടു ചേർന്ന് പായും തലയിണയും വിരിച്ചായിരുന്നു അഞ്ചു വർഷത്തോളം താമസം.
അമ്മയിൽ തുടങ്ങിയ ശിൽപവിദ്യ
അമ്മ മാധവിയെ ദൈവത്തെപ്പോലെ കരുതി സ്നേഹിച്ച കുഞ്ഞിരാമൻ ശിൽപകല പഠിച്ചു തുടങ്ങി ആദ്യം കളിമണ്ണിൽ തീർത്തത് ‘അമ്മ’ ശിൽപമായിരുന്നു. അതും നാലടിയോളം ഉയരത്തിൽ.
‘ശിൽപം ഇഷ്ടപ്പെട്ട കെ.സി.എസ്.പണിക്കർ സിമന്റിൽ വാർക്കാൻ നിർദേശിച്ചു. പക്ഷേ, കമ്പിക്കും സിമന്റിനും നല്ല ചെലവുണ്ട്. അതിന്നു വഴിയുണ്ടായിരുന്നില്ല. രാത്രി ഒപ്പം കിടന്നുറങ്ങുന്ന സെക്യൂരിറ്റി ജീവനക്കാരോട് വിഷമം പറഞ്ഞപ്പോൾ അവർ സഹായിക്കാമെന്നേറ്റു. പക്ഷേ, നേർവഴിയായിരുന്നില്ല. ക്യാംപസിൽ അന്നു കെട്ടിടം പണി നടക്കുന്നതിനാൽ സിമന്റും കമ്പിയും ഇറക്കിയിട്ടുണ്ട്. അതിൽ കുറച്ച് സംഘടിപ്പിച്ചു. ‘അമ്മ’യും തുടർന്ന് ഏതാനും ശിൽപങ്ങളും അതുപയോഗിച്ചു വാർത്തു. ഡൽഹി നാഷനൽ ഗാലറിയിൽനിന്ന് ഒരു സംഘം ക്യാംപസിലെത്തിയപ്പോൾ അതിലൊരു ശിൽപം ഇഷ്ടപ്പെട്ടു വാങ്ങി. അതിനു ലഭിച്ച 2000 രൂപയായിരുന്നു എന്റെ ജീവിതത്തിൽ ആദ്യം കിട്ടിയ വലിയ പ്രതിഫലം. പഠനം കഴിയാറായപ്പോഴാണ് ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനുള്ള കോമൺവെൽത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാമെന്ന പത്രപരസ്യം കണ്ടത്. അപേക്ഷിച്ചു, അതു കിട്ടിയതോടെ ജീവിതവും പഠനവും മറ്റൊരു തലത്തിലേക്കായി. ലണ്ടനിലെ ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ വെൽഡിങ് ശിൽപത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ റെഡിനാർഡ് ബട്‌ലറിന്റെ ശിക്ഷണമാണ് പുതിയ ദിശാബോധം നൽകിയത്. വെങ്കല, ഗ്ലാസ്, വെൽഡിങ് ശിൽപ വിദ്യ അഭ്യസിച്ചത് അവിടെ നിന്നാണ്.
ചെന്നൈയിൽ മടങ്ങിയെത്തി കലാകാരൻമാരുടെ കേന്ദ്രമായ മദ്രാസ് ചോളമണ്ഡലത്തിൽ സ്ഥലമൊക്കെ സ്വന്തമാക്കിയെങ്കിലും അവിടത്തെ ജീവിതം എന്റെ താൽപര്യങ്ങൾക്കു ചേർന്നതായിരുന്നില്ല. അപ്പോഴാണ് മലമ്പുഴ ഉദ്യാനം മനോഹരമാക്കാൻ ജലസേചന വകുപ്പ് പാലക്കാട്ടുളള ജാതവേദൻ നമ്പൂതിരി വഴി പണിക്കർ സാറിന്റെ സഹായം തേടുന്നത്. വലിയ ശിൽപങ്ങൾ ചെയ്യുന്ന ആളെന്ന നിലയിലാണ് പണിക്കർ സാർ എന്നെ അതിനായി നിയോഗിച്ചത്.
വലുപ്പവും നഗ്നതയും
തെയ്യങ്ങളുടെയും തിറകളുടെയും നാടാണ് ഞങ്ങളുടേത്. അതു കാണുന്നത് എനിക്കു വലിയ ഇഷ്ടമായിരുന്നു. വലുപ്പമേറിയ രൂപങ്ങളായിരുന്നു തെയ്യങ്ങളുടേത്. മുടിക്ക് ഇരുപതടിയോളം ഉയരം വരും. അതുകണ്ട സ്വാധീനമാകണം ശിൽപകലയിലേക്കു തിരിഞ്ഞപ്പോൾ വലിയ ശിൽപങ്ങളൊരുക്കാൻ എനിക്കു പ്രേരണയായത്.
ഇംഗ്ലണ്ടിൽ പഠിക്കാൻ പോയപ്പോഴാണ് നഗ്നത സംബന്ധിച്ച വികല സങ്കൽപങ്ങൾ ബോധ്യപ്പെട്ടത്. അവിടെ നഗ്നതയും പൊതു ജീവിതത്തിന്റെ ഭാഗമാണ്. ആരും നഗ്നത തുറിച്ചു നോക്കാറില്ല. പഠനകാലത്ത് നഗ്നരായ സ്ത്രീകളും പുരുഷൻമാരും ഞങ്ങൾക്കു മോഡലായിട്ടുണ്ട്. മനസ്സിലും കാഴ്ചപ്പാടിലുമാണ് നഗ്നത എന്ന ബോധ്യം വന്നതുകൊണ്ടാണ് യക്ഷിയിലൂടെ യാഥാസ്ഥിക ബോധത്തെ തകർക്കാൻ തീരുമാനിച്ചത്.
വേളിയിലെ എൻജിനീയറിങ്
യക്ഷി കഴിഞ്ഞ് എറണാകുളം ജിസിഡിഎ ഓഫിസിനു മുന്നിൽ മുക്കാല പെരുമാളിന്റെ ശിൽപമാണു ചെയ്തത്. മൂന്നു കാലങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്നു ശിൽപങ്ങൾ സംഭാഷണത്തിലെന്ന പോലെ മുഖാമുഖം വരുന്നതാണത്.
ടൂറിസം ഡയറക്ടറായിരുന്ന ടി. ബാലകൃഷ്ണൻ കായലുകളാൽ ചുറ്റപ്പെട്ട വേളിയിലെ ചതുപ്പുപ്രദേശം ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനു സഹായിക്കണമെന്ന ആവശ്യവുമായി സമീപിച്ചു. സ്ഥലം പോയി കണ്ടു. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ഉപാധി വച്ചു. നിലം നികത്തി ലാൻഡ് സ്കേപ് ചെയ്തു. മണ്ണെണ്ണപ്പാട്ടകൾ വെൽഡ് ചെയ്തു ഘടിപ്പിച്ച് അതിനു മുകളിൽ പലക പിടിപ്പിച്ച് പൊങ്ങിക്കിടക്കുന്ന പാലം നിർമിക്കാനുള്ള ആശയവും എന്റേതായിരുന്നു.
ഇരുപതടിയോളം ഉയരവും അൻപതടിയോളം നീളവുമുള്ള ശംഖ് നിർമാണ ഘട്ടത്തിലും തർക്കം വന്നു. എൻജിനീയർ ഇല്ലാതെതന്നെ അതിന്റെ ഇരുമ്പു ചട്ടക്കൂട് നിർമിച്ചു. അതോടെ ഉറപ്പ് പരിശോധിക്കാൻ എൻജിനീയറിങ് കോളജിൽനിന്നുള്ള വിദഗ്ധ സംഘമെത്തി. ശംഖിനുള്ളിൽ തൂണില്ലെങ്കിൽ മേൽക്കൂര തകർന്നു വീഴും എന്നായിരുന്നു സ്ട്രക്ചറൽ എൻജിനീയറുടെ കണ്ടെത്തൽ. അതോടെ പ്രദേശവാസികളായ ഏതാനും പേരെ ഞാൻ വിളിച്ചു വരുത്തി. ചട്ടക്കൂടിനു മുകളിൽ കയറ്റി. എന്നിട്ട് അടിച്ചു തകർക്കാൻ നിർദേശിച്ചു. അവർ ശ്രമിച്ചിട്ടും അതിന് ഒരു കോട്ടവുമില്ലെന്നു വന്നതോടെയാണു വിദഗ്ധർ പിൻവാങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ശംഖുശിൽപമാണത്.
ശിൽപങ്ങൾക്കായി പോരാട്ടം
ഒരു മുറിക്കുള്ളിൽ വലിയ ശിൽപങ്ങൾ ചേരില്ല എന്നതുപോലെ തന്നെ ഒരു വലിയ പാർക്കിലോ പുൽത്തകിടിയിലോ ചെറിയ ശിൽപങ്ങളും യോജ്യമല്ല. അത്തരം ശിൽപങ്ങളുടെ പരിസരമാണ് അതിന്റെ കാൻവാസ്. അതുകൂടി പരിഗണിച്ചാണ് ശിൽപം നിർമിക്കുന്നത്. ആ കാൻവാസ് നശിപ്പിക്കരുത് എന്ന തത്വമാണ് നമ്മുടെ നാട്ടിൽ പലർക്കും മനസ്സിലാകാത്തത്.
ശംഖമുഖത്തെ സാഗരകന്യകയ്ക്കു സമീപം കഴിഞ്ഞ സർക്കാരിന്റെ കാലത്തു ടൂറിസം വകുപ്പ് എന്നോടൊരു വാക്ക് പോലും ചോദിക്കാതെ പഴയൊരു ഹെലികോപ്റ്റർ കൊണ്ടു സ്ഥാപിച്ചപ്പോൾ എതിർത്തതും അതുകൊണ്ടാണ്. ഭൂനിരപ്പിൽനിന്നു താഴ്ന്ന നിലയിലാണ് 110 അടി നീളമുള്ള സാഗര കന്യക ശിൽപം. ഞാൻ ചെയ്ത ഏറ്റവും വലിയ ശിൽപമാണത്.
ശിൽപത്തിനു സമീപം എയർപോർട്ടിലെ റൺവേ കാണാവുന്ന തരത്തിൽ ഒരു മൺകൂനയും ലാൻഡ്സ്കേപ്പിന്റെ ഭാഗമായി രൂപപ്പെടുത്തിയിരുന്നു. അവിടെയാണ് പ്ലാറ്റ്ഫോം കെട്ടി ശിൽപത്തെക്കാൾ ഉയരത്തിൽ ഹെലികോപ്റ്റർ സ്ഥാപിച്ചത്. അതു ശിൽപത്തെയും ശിൽപിയെയും അപപമാനിക്കലാണ്. ‘മലയാള മനോരമ’ ആ വിഷയം ഏറ്റെടുത്തതോടെ, ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് എന്നെ അവിടേക്കു ക്ഷണിച്ചു. എന്റെ താൽപര്യം അനുസരിച്ചേ കാര്യങ്ങൾ ചെയ്യൂ എന്നു മന്ത്രി പരസ്യമായി പ്രഖ്യാപിച്ചാണു മടങ്ങിയതെങ്കിലും ഇപ്പോഴും ആ ഹെലികോപ്റ്റർ അവിടെത്തന്നെയുണ്ട്. അതു സമീപത്തെ ചിൽഡ്രൻസ് പാർക്കിലായിരുന്നു സ്ഥാപിക്കേണ്ടിയിരുന്നത്. അതു മാറ്റിസ്ഥാപിക്കാൻ ഞാൻ തന്നെ സഹായിക്കാമെന്നും പ്ലാറ്റ്ഫോം നിർമിച്ച സ്ഥലത്ത് മറ്റൊരു ശിൽപം നിർമിക്കാമെന്നും പറഞ്ഞതാണ്.
മക്കളില്ലാത്ത ഞങ്ങൾക്ക് ശിൽപങ്ങൾ സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ്. അതിനെ നശിപ്പിക്കുന്നത് താങ്ങാനാവില്ല. സാഗരകന്യകയുടെ അവസ്ഥ ഇപ്പോഴും മനസ്സിൽ വലിയ വിഷമമാണ്. സർക്കാർ ഉചിതമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ്.
വ്യക്തി ശിൽപങ്ങളിൽ നിയമസഭയ്ക്കു മുന്നിലെ ഇഎംഎസിന്റെ പ്രതിമ നിർമാണമായിരുന്നു എറ്റവും ബുദ്ധിമുട്ടേറിയതും തൃപ്തികരവും. ഇഎംഎസിന്റെ രൂപത്തിനൊപ്പം വ്യക്തിത്വവും കൊണ്ടുവരാനായിരുന്നു ബുദ്ധിമുട്ട്. ഇഎംഎസിന്റെ ഭാര്യ ആര്യ അന്തർജനം അതു കണ്ട് കയ്യിൽ പിടിച്ച് ‘ഇത് എന്റെ ആള് തന്നെ’ എന്നു പറഞ്ഞതു മനസ്സ് നിറച്ച അംഗീകാരമായിരുന്നു.
നാട്ടിൽ വീടും സ്ഥലവുമുണ്ട്. അതിനപ്പുറം വലിയ സമ്പാദ്യം വേണമെന്ന അതിമോഹവുമില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പൂജപ്പുരയിൽ ഭാര്യ നളിനിയുമൊത്തു താമസിക്കുന്ന വീടും സ്വന്തമല്ല. കൊല്ലത്തെ പ്രമുഖ വ്യാപാരിയും സിനിമാനിർമാതാവുമായ ജനറൽ പിക്ചേഴ്സ് ഉടമ കെ. രവീന്ദ്രനാഥൻ നായരുടെ വീടാണത്. അടുത്ത സുഹൃത്താണ് അദ്ദേഹം. പൂജപ്പുരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഞങ്ങളെ അതറിഞ്ഞ് വേണ്ടിടത്തോളം കാലം ഈ വീട് സ്വന്തമായി കരുതി താമസിച്ചോളൂ എന്നു പറഞ്ഞ് അദ്ദേഹം ഏൽപിക്കുകയായിരുന്നു.
വലിയ പറമ്പുളള ആ വീടിന്റെ പിന്നിലാണ് ശിൽപശാല. എന്റെ പല പ്രധാന ശിൽപങ്ങളും പിറന്നത് അവിടെയാണ്. ഞാൻ പലപ്പോഴായി വരച്ച പെയിന്റിങ്ങുകളും ഇവിടുണ്ട്. ഭാര്യ നളിനിയാണ് ഈ ശിൽപശാലയിലും എന്റെ വലംകൈ. എന്നിലെ മനുഷ്യനെയും കലാകാരനെയും ഇത്രമേൽ മനസ്സിലാക്കിയ ഒരു ജീവിത പങ്കാളിയുണ്ടായി എന്നതാണു വലിയ വിജയം.
സ്വപ്ന ശിൽപം
ഒരു ജലാശയത്തിൽ രണ്ടു കിലോമീറ്ററോളം നീളത്തിൽ വെള്ളത്തിൽ മുങ്ങി തലയും കാൽമുട്ടും കാൽവിരലുകളും ഉയർത്തിയ നിലയിലുള്ള ഒരു പടുകൂറ്റൻ ശിൽപം നിർമിക്കണമെന്ന സ്വപ്നം നേരത്തേയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിൽപമായിരിക്കും അത്. ആ നീളത്തിന് ആനുപാതികമായ കൂറ്റൻ തലയും കാലുമായിരിക്കും പുറത്തു കാണുക. ഫലത്തിൽ അതു മാത്രമേ നിർമിക്കേണ്ടതുള്ളൂ. കൂറ്റൻ തലയ്ക്കുള്ളിൽ ഷോപ്പിങ് സെന്ററുപോലുള്ള സംവിധാനം രൂപപ്പെടുത്താം. വെള്ളത്തിനടിയിലെ ടണലിലൂടെ അവിടെ എത്താം. ദൂരെക്കാഴ്ചയിലാവും ശിൽപം പൂർണ തോതിൽ ആസ്വദിക്കാനാവുക. സാമാന്യ സങ്കൽപത്തിനപ്പുറമുള്ള കാഴ്ചയാവും അത്. ഏതെങ്കിലും ജലാശയത്തിൽ സ്ഥലവും സൗകര്യവും കിട്ടിയാൽ ഉദ്ദേശിച്ചതിന്റെ പകുതി വലുപ്പത്തിലെങ്കിലും അങ്ങനെയൊരു ശിൽപം ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്.
English Summary: Kanayi Kunhiraman @ 84