ADVERTISEMENT

ഒരു പുസ്തകത്തിൽ നിന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരു തിരിയിൽ നിന്ന് ആയിരം തിരികളിലേക്കു പടർന്നേറിയൊരു ദീപക്കടൽ പോലെ. ഇപ്പോഴിതാ അ‍ഞ്ചാറു ഷെൽഫുകളിലും ബോക്സുകളിലുമായി വായനക്കാരെ കാത്തിരിക്കുന്നു പുസ്തകങ്ങളുടെ മദിപ്പിക്കുന്ന ഗന്ധം. തൃശൂർ വിയ്യൂർ ജില്ലാ ജയിലിലാണ് ഒരു പുസ്തകത്തിലെ പരീക്ഷണത്തിൽ നിന്നു തുടങ്ങി മൂവായിരത്തോളം പുസ്തകങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ ലൈബ്രറി. വായനക്കാരാകട്ടെ ഇവിടത്തെ തടവുകാരും. കുറച്ചു പുസ്തകങ്ങൾ മാത്രമുള്ള പേരിനൊരു ലൈബ്രറി എന്ന സ്ഥാനത്തുനിന്നു മികച്ച പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറിയിലേക്കുള്ള യാത്രയ്ക്കെടുത്തതു വളരെ ചുരുങ്ങിയ കാലം. അതിന്റെ കഥയിങ്ങനെ:

2022 നവംബറിൽ ജയിലിൽ, തടവുകാർക്കായി ഒരു സാഹിത്യ രചനാ പരിശീലനക്യാംപ് നടത്തിയിരുന്നു. രാവുണ്ണിയടക്കമുള്ള എഴുത്തുകാരായിരുന്നു മാർഗനിർദേശം നൽകിയത്. അതിൽനിന്നു തിരഞ്ഞെടുത്ത 15 പേരുടെ കഥകളും കവിതകളും അനുഭവങ്ങളുമെല്ലാം ചേർത്ത് ‘ചുവരുകളും സംസാരിക്കും’ എന്നൊരു മിനിയേച്ചർ പുസ്തകം പ്രസിദ്ധീകരിച്ചു. തടവറയ്ക്കുള്ളിലെ എഴുത്തുകളെക്കുറിച്ചുള്ള വിശേഷം ജയിൽഭിത്തികൾ ഭേദിച്ചതു വളരെപ്പെട്ടെന്നായിരുന്നു. ഈ പുസ്തകത്തെക്കുറിച്ചുള്ള വാർത്തകളറിഞ്ഞവർ ഇതു കിട്ടാനുള്ള വഴി തേടി ജയിലിലേക്കു വിളിച്ചുതുടങ്ങി. സാഹിത്യ ക്യാംപിനും പുസ്തക പ്രസാധനത്തിനും നേതൃത്വം നൽകിയ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറിന്റെ മനസ്സിൽ മറ്റൊരാശയത്തിന്റെ ആദ്യപേജ് മറിഞ്ഞു. മിനിയേച്ചർ പുസ്തകം ആവശ്യപ്പെട്ടവരോടെല്ലാം പറഞ്ഞു; പകരം പുസ്തകം തന്നാൽ ഇതയച്ചു തരാം. അഭൂതപൂർവമായിരുന്നു പ്രതികരണം. 

അറിഞ്ഞവരെല്ലാം പഴയതും പുതിയതുമായ പുസ്തകങ്ങൾ എത്തിച്ചുതുടങ്ങി. പുസ്തകങ്ങളുടെ വൈവിധ്യം ജയിൽ ലൈബ്രറിയെ വിശാലമാക്കി. ആയിരവും രണ്ടായിരവും കടന്ന് ഇപ്പോഴിതാ മൂവായിരത്തിനടുത്തെത്തി പുസ്തകങ്ങളുടെ എണ്ണം. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അടക്കമുള്ള എഴുത്തുകാർ തങ്ങളുടെ പുസ്തകസംഭാവനകളെത്തിച്ചു തടവുകാരെ പ്രചോദിതരാക്കി. വള്ളത്തോളിന്റെ പുസ്തകങ്ങൾ അടക്കമുള്ള 80 പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ കൊച്ചുമകൻ രവീന്ദ്രനാഥ് ജയിലിലെത്തിയതു വേറിട്ടൊരനുഭവമായി. മണ്ണുത്തി ഡോൺബോസ്കോ സ്കൂളിലെ എൻഎസ്എസ് അംഗങ്ങൾ എത്തിച്ചത് അവർ സമാഹരിച്ച 119 പുസ്തകങ്ങൾ. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തുപോയ തടവുകാരുടെ വകയായി പലപ്പോഴായി കിട്ടിയത് എഴുപതോളം പുസ്തകങ്ങൾ.

തടവിലിരുന്നു വായനയിൽ സന്തോഷം കണ്ടെത്തിയവരുടെ ഉപകാരസ്മരണ. മരിച്ചുപോയ അച്ഛന്റെ ഓർമയ്ക്ക് അദ്ദേഹത്തിന്റെ പുസ്തകശേഖരം വരെ ഇവിടെ എത്തിച്ചവരുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒറ്റപ്പുസ്തകത്തിലൂടെ ഇവർ സ്വരൂപിച്ചത് രണ്ടര ലക്ഷത്തിലേറെ രൂപയുടെ പുസ്തകങ്ങൾ. ഇപ്പോൾ ജയിലിലെ മുന്നൂറിലേറെയുള്ള അന്തേവാസികളിൽ 40 പേർ സ്ഥിരമായി പുസ്തകങ്ങളെടുത്തു വായിക്കുന്നു. വായനയിലൂടെ മനസ്സുകളെ വിമലീകരിക്കുകയെന്ന ആശയമാണ് (അക്ഷര ചികിത്സ) ഇത്തരമൊരു സംരംഭത്തിനു ജയിൽ അധികൃതരെ പ്രേരിപ്പിച്ചത്. നേരത്തെ വായനാശീലം തുടങ്ങിയിരുന്നെങ്കിൽ താനൊരിക്കലും കുറ്റവാളിയാകില്ലായിരുന്നെന്ന് ഏറ്റുപറഞ്ഞ തടവുകാരനെപ്പോലുള്ളവരാണ് ഇവരുടെ സന്തോഷം. 

കിട്ടിയ പുസ്തകങ്ങളെല്ലാം ഭദ്രമായി സൂക്ഷിക്കാനുള്ള ഷെൽഫുകളില്ല എന്നതാണിപ്പോഴത്തെ വെല്ലുവിളി. ആരെങ്കിലുമൊക്കെ തങ്ങൾക്കിരിക്കാനുള്ള ഷെൽഫുകളുമായി ജയിൽ കടക്കും എന്ന പ്രതീക്ഷയിൽ എത്രയോ പുസ്തകങ്ങൾ കെട്ടുപൊട്ടിക്കാതെ ഇവിടെയിരിപ്പുണ്ട്. ഇതു വായിച്ചവസാനിപ്പിക്കുമ്പോൾ പ്രിയപ്പെട്ട വായനക്കാരാ, നിങ്ങൾക്കും തോന്നുന്നില്ലേ കുറച്ചു പുസ്തകങ്ങൾ ഇവിടേക്കു സമ്മാനിക്കണമെന്ന്. എങ്കിലൊട്ടും വൈകേണ്ട, സൂപ്രണ്ട് കെ. അനിൽകുമാറിന്റെ നമ്പറിലേക്കു (94468 99532) ധൈര്യമായി വിളിച്ചോളൂ. 

English Summary:

Sunday Special about library of Viyyur District Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com