ADVERTISEMENT

എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.

തോംസൺ കമ്പനിയുടെ കസെറ്റുകളാണ് ഗൾഫിൽനിന്നു അന്ന് ഏറ്റവും കൂടുതൽ കൊണ്ടു വന്നിരുന്നത്. ലളിതഗാനങ്ങൾ, സിനിമാ പാട്ടുകൾ, മാപ്പിള‌ പാട്ടുകൾ എന്നിവയൊക്കെ അതിലുൾപ്പെടും. അതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഒരു ഗാനശാഖയാണ് മാപ്പിള പാട്ടുകൾ. ഭാഷാ പ്രയോഗത്തിലെ പ്രത്യേകതകളാണ് ആളുകളെ അതിലേക്ക് ആകർഷിച്ചിരുന്നത്.

ദാസ് സാറിന്റെ (യേശുദാസ്) ശബ്ദത്തിലായിരുന്നു കൂടുതൽ പാട്ടുകളും. സംഗീത സംവിധായകൻ നാസറിന്റെ സ്റ്റുഡിയോയിൽ വച്ചാണ് ഈ പാട്ടുകളെപ്പറ്റി ഞാൻ കൂടുതൽ മനസ്സിലാക്കിയത്. ശ്രദ്ധേയമായ മൂന്നു മാപ്പിള പാട്ടുകളെപ്പറ്റിയാണ് ഇത്തവണ മ്യൂസിക് ഗിഫ്റ്റിൽ ചർച്ച ചെയ്യുന്നത്.

‘പുറപ്പെട്ട ബുജാഹിലുടൻ..’

‘പുറപ്പെട്ട ബുജാഹിലുടൻ കിബൂർ പൊങ്കിയളുന്ത് ലിബാസിചമൈന്ത്

എന്നു തുടങ്ങുന്ന ഒരു പാട്ടുണ്ട്. മോയിൻകുട്ടി വൈദ്യരുടെ ബദർ കിസാ പാട്ടുകളായാണ് ഇത് അറിയപ്പെടുന്നത്. ബദർ താഴ്‌വരയിൽ നടന്ന ഒരു യുദ്ധത്തെപ്പറ്റിയുള്ള പാട്ടുകളിൽ ഒന്നാണിത്. നൂറ്റിഅൻപതോളം പാട്ടുകൾ ഉൾപ്പെടുന്ന ഇവ ബദർ പടപാട്ടുകൾ എന്നും അറിയപ്പെടുന്നു. പേർഷ്യൻ, അറബി, ഉറുദു, മലയാളം, തമിഴ്‌, സംസ്കൃതം എന്നിവയുടെ ഒരു മിക്സ് ആണെന്നതാണ് ഈ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. എഴുത്തിനു തടസ്സം വന്നാൽ ഇതരഭാഷാ പദങ്ങൾ കടമെടുത്ത് അതു പൂർത്തിയാക്കാൻ കഴിയുമായിരുന്നു. സംഗീതത്തിൽനിന്നു വഴുതി മാറാതെ അതിന്റെ മേന്മ കാത്തുസൂക്ഷിക്കുന്ന കൃത്യമായ ഒരു ലിറ്ററേച്ചർ ഫ്യൂഷനായി ഈ പാട്ടുകളെ വിശേഷിപ്പിക്കാം.

സ്റ്റേജ് പെർഫോമൻസിനായി പഠിക്കുമ്പോഴാണ് ഈ പാട്ടുകളെ പറ്റി കൂടുതലായി മനസ്സിലാക്കുന്നത്. ദാസ് സാറിന്റെ കസെറ്റുകളെയാണ് എപ്പോഴും അതിനായി ആശ്രയിക്കുന്നത്. ഞാൻ ഇപ്പോഴും ഒത്തിരിപ്പേരെ ആ ഓഡിയോ കേൾപ്പിക്കാറുണ്ട്. ദാസ് സാറിന്റെ ഉച്ചാരണ രീതി വിസ്മയിപ്പിക്കുന്നതാണെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

‘പുറപ്പെട്ട ബുജാഹിലുടൻ..’ പല വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ. ആ പാട്ട് റിക്രിയേറ്റ് ചെയ്തിരിക്കുന്നയാൾ ഉപയോഗിച്ചിരിക്കുന്ന സംഗീതമൊക്കെ പരിശോധിക്കുമ്പോൾ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പാട്ടാണിതെന്നു തോന്നിയിട്ടുണ്ട്.

അഹദോന്റെ തിരുനാമം

മലയാള സിനിമാഗാനങ്ങളിലെ മാപ്പിള പാട്ടുകളിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ള ഒരു ഗാനമാണ് ‘അഹദോന്റെ തിരുനാമം’. ‘പതിനാലാം രാവ്’ എന്ന ചിത്രത്തിനായി പൂവച്ചൽ ഖാദർ സാറാണ് ഈ പാട്ട് രചിച്ചിരിക്കുന്നത്. സംഗീതം കെ.രാഘവൻ മാഷും. നിലമ്പൂർ ഷാജിയെന്ന അതുല്യ കലാകാരനാണ് ആലാപനം. അറബി മലയാളമൊക്കെ ചേർത്തിട്ടുള്ളതാണ് വരികൾ.

അഹദോന്റെ തിരുനാമം മൊളുന്തിന്റെ സമയത്ത് ദുവാശെയ്ത് കരം മുത്തി തെളിന്തിരുന്തേൻ സ്തുതിയാൽ കിടക്കട്ടേ നബിയോരിൻ സലാത്തും..

എന്നാണതിന്റെ പല്ലവി. ഈ പാട്ടിന്റെ വരികൾ പോലെത്തന്നെ ആഴമുള്ളതാണ് കെ.രാഘവൻ മാഷിന്റെ സംഗീതം. മമ്മുക്കയ്ക്ക് (മമ്മൂട്ടി) ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണിത്. ഈ പാട്ടു പാടിയ ഗായകനെപ്പറ്റിയും പ്രത്യേകം പറയേണ്ടതുണ്ട്. മൗലാന സെയ്ദ് മുഹമ്മദ് ഷാജഹാൻ എന്ന അദ്ദേഹത്തിന്റെ യഥാർഥ പേര് നിലമ്പൂർ ഷാജിയെന്നു മാറ്റിയതു സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണ്. വേറെയും ധാരാളം സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. എ ഗ്രേഡ് ആർട്ടിസ്റ്റായി ആകാശവാണിയിലും ധാരാളം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മുത്തുനവ രത്നമുഖം

‘മുത്തുനവ രത്നമുഖം’ 1921 എന്ന ഐ.വി.ശശി ചിത്രത്തിലെ ഒരു പാട്ടാണ്. മോയിൻകുട്ടി വൈദ്യരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ശ്യാം സാറാണ്. ശ്യാം സാറും മോയിൻകുട്ടി വൈദ്യരും തമ്മിലുള്ള ഈ കോംബിനേഷൻ മലയാള സിനിമാഗാന ചരിത്രത്തിൽത്തന്നെ വളരെ അപൂർവതയുള്ള ഒന്നാണ്. നൗഷാദ് എന്ന ഗായകനാണ് പാടിയിരിക്കുന്നത്.

English Summary:

Jassie Gift about on mappila songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com