മനസ്സേ മടങ്ങല്ലേ... മലയാളികൾ പോലും ജീവിക്കാത്ത ‘മലയാള’ ജീവിതം നയിച്ച പ്രേം മനസ്വിയുടെ ജീവിതക്കാഴ്ചകൾ

Mail This Article
ആലങ്ങോട്ട് മനയുടെ മുറ്റത്തുനിന്നു പ്രേം മനസ്വി എല്ലാത്തിനോടും യാത്ര പറഞ്ഞു പടിയിറങ്ങി. 3 പതിറ്റാണ്ടുകൾ കൂടെയിരുന്നു പാടിയ കിളികളോട്.. തണൽ വിരിച്ച മരങ്ങളോട്..കുശലം ചൊല്ലിയ അണ്ണാറക്കണ്ണനോട്...കഥകൾ പറഞ്ഞ ചുവരുകളോട്. പിന്നീട് അവിടെ വണ്ണാത്തിക്കിളി വന്നുകാണില്ല, അണ്ണാറക്കണ്ണൻമാരും കുയിലും പുലർകാലത്തു വന്നു നോക്കി പോയിക്കാണണം. പുലർകാലത്തു പൂമുഖത്തെ ചൂരൽ കസേരയിൽ ഇരുന്നു കുയിലിനൊപ്പം പാട്ടുപാടുന്ന, അണ്ണാറക്കണ്ണനോടു കുശലം പറഞ്ഞിരുന്ന ആ മനുഷ്യന്റെ അസാന്നിധ്യം അവരെ വേദനിപ്പിച്ചേക്കാം. 30 വർഷം ആ മനയുടെ പൂമുഖത്തുണ്ടായിരുന്ന പ്രേം മനസ്വി എന്ന മനുഷ്യൻ ഇനി അവിടെ ഇല്ല. ജർമനിയിൽനിന്നു കേരളത്തിൽ എത്തി, ഇവിടത്തെ മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച്, സംസ്കാരത്തെയും കലകളെയും അടുത്തറിഞ്ഞ്, ആ സംസ്കാരത്തോടു ചേർന്നു ജീവിച്ച ശേഷം മനസ്വി എന്ന 84കാരൻ തിരിച്ചുപോകുകയാണ്, ജന്മനാട്ടിലേക്ക്..
ഹെയിൻസ് ജൊഹാനസ് പോൾ. അതായിരുന്നു മനസ്വിയുടെ പേര്. ജർമനിയിലെ കാസലിൽ രണ്ടാം ലോകയുദ്ധകാലത്തു ജനിച്ച അദ്ദേഹം 1995 മുതലാണു കേരളത്തിൽ സ്ഥിരതാമസമാക്കിയത്. സ്കൂൾ അധ്യാപകൻ ആയിരുന്നു ജൊഹാനസ്. ഒരു വേനലവധിക്കാലത്ത് കേരളം സന്ദർശിക്കാനെത്തി നമ്മുടെ നാട് കണ്ട മാത്രയിൽ ഇഷ്ടപ്പെട്ടു. ആ ഇഷ്ടം മനസ്സിൽ സൂക്ഷിച്ച് 4 വർഷങ്ങൾക്കു ശേഷം വീണ്ടും കേരളത്തിൽ എത്തിയത് സ്വന്തം പേര് പോലും ജന്മനാട്ടിൽ ഉപേക്ഷിച്ചായിരുന്നു. തൃശൂർ ചേർപ്പിലെ ആലങ്ങോട്ട് മനയും മനയോടു ചേർന്ന 3 ഏക്കർ സ്ഥലവും വാങ്ങിച്ചു. പ്രേം മാനസ്വി എന്ന പേരു സ്വീകരിച്ച് ഇന്നാട്ടുകാരനായി.
കടന്നുപോയ 30 വർഷങ്ങൾ പ്രേം മാനസ്വി ജീവിച്ചത് തനി കേരളീയനായാണ്. ഖാദി ജുബ്ബയും മുണ്ടുമായിരുന്നു വേഷം. ഭക്ഷണവും തനി നാടൻ തന്നെ. രാവിലെ ഇഡ്ഡലിയും ദോശയും പുട്ടുമൊക്കെയാണു പഥ്യം. ഉച്ചയ്ക്ക് ഭക്ഷണം ഇലയിൽ തന്നെ വേണം. അതും കുത്തരിച്ചോറും പറമ്പിൽനിന്നു കിട്ടുന്ന പച്ചക്കറികൾ കൊണ്ടുള്ള എന്തെങ്കിലും കറികളും. ഇലയിൽ വിളമ്പിയതു കൈ കൊണ്ടു തന്നെ കഴിക്കും. ഉമ്മറത്തെ കിണ്ടിയിൽ നിന്നും വെള്ളം എടുത്താണു കൈ കഴുകുക. കൈ തുടയ്ക്കാൻ നാടൻ തോർത്ത് തന്നെ വേണം. ഇവിടുത്തെ രീതികൾ ഇത്രയൊക്കെ പിന്തുടരുന്നത് എന്തിനാണ് എന്നു ചോദിച്ചാൽ ചിരിയോടെ പറയും, ഇതിനൊക്കെ ഒരു സൗന്ദര്യമുണ്ട്...
പറമ്പിലെ വലിയ കുളത്തിന് അഞ്ചാൾ പൊക്കമുണ്ട്. ചുറ്റും നിറയെ മരങ്ങളും. കുളത്തിൽ എപ്പോഴും കരിയിലകൾ വീഴും. എന്നും രാവിലെ കുളത്തിൽ ഇറങ്ങി നീന്തി ആ കരിയിലകൾ മുഴുവൻ വാരി പുറത്തുകളയുക എന്നതാണു മനസ്വിയുടെ ചിട്ടകളിൽ ഒന്ന്. 30 വർഷം മുൻപ് ഉണ്ടായിരുന്ന മരങ്ങളൊക്കെ അതുപോലെ തന്നെ നിലനിർത്തി. പുതിയവ നട്ടുവളർത്തുകയും ചെയ്തു. അവയിൽ നാനാതരം മാവുകളും മറ്റു ഫലവൃക്ഷങ്ങളുമുണ്ട്. അവിടെ കൂടുകൂട്ടിയ കിളികളും മറ്റു ജീവജാലങ്ങളും മനസ്വിയുടെ സുഹൃത്തുക്കളായിരുന്നു. കാര എന്ന തത്ത, അമ്മു എന്ന ആമ, മലയണ്ണാൻ എന്നിങ്ങനെ ഒട്ടേറെ കൂട്ടുകാർ. ഒന്നിനെയും നോവിക്കാതെ എല്ലാം എല്ലാവരുടേതുമാണ് എന്ന വലിയ ജീവിത തത്വം പ്രാവർത്തികമാക്കിയാണു മനസ്വി ജീവിച്ചത്.
കേരളത്തിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും മനസ്വി ഈ 30 വർഷങ്ങൾ വിനിയോഗിച്ചു. നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, തോൽപ്പാവക്കൂത്ത്, മേളം, മിഴാവിൽ പഞ്ചവാദ്യം, മോഹിനിയാട്ടം, സംഗീത കച്ചേരികൾ എന്നിവ മനയുടെ മുറ്റത്തും നടുമുറ്റത്തും നിരന്തരം അരങ്ങേറി. പെരുവനം കുട്ടൻ മാരാർ തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ മനസ്വിയുടെ സുഹൃത്തുക്കളും പതിവു സന്ദർശകരുമായിരുന്നു. നഗരത്തിന്റെ സാംസ്കാരിക പരിപാടികളിൽ സ്ഥിരം സാന്നിധ്യവുമായിരുന്നു. ആരോഗ്യകരമായ കാരണങ്ങളാലാണു തിരിച്ചുപോക്ക്. കാസലിൽ ഇപ്പോൾ താമസിക്കുന്ന സഹോദരിയുടെ വീട്ടിലായിരിക്കും ഇനി. 3 പതിറ്റാണ്ട് ജീവിച്ചപ്പോൾ അനുഭവപ്പെട്ട ഏറ്റവും വലിയ മാറ്റം കാലാവസ്ഥയിലാണെന്നു മനസ്വി പറയുന്നു. കഴിഞ്ഞ 5 വർഷമായി ചൂട് സഹിക്കാൻ കഴിയാത്ത നിലയിലാണ് കൂടുന്നത്.
‘‘ 3 പതിറ്റാണ്ടുകളായി കേരളം എന്റെ വീടാണ്. ഇവിടത്തെ വൈവിധ്യം വെല്ലുവിളിയായല്ല കണ്ടത്. ആഴത്തിലുള്ള അറിവിലേക്കുള്ള അവസരമായിരുന്നു. സാംസ്കാരിക പൈതൃകം എന്നതു സ്മാരകങ്ങളും പുസ്തകങ്ങളും മാത്രമല്ല, നാം പിന്തുടരുന്ന ജീവിതചര്യകളും കൈമാറുന്ന കഥകളും കൂടിയാണ്. ഞാൻ കൂടി അംഗമായ ഇൻടാക് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളുമായി ചേർപ്പിൽ നടത്തിയ സൗഹൃദ സംഭാഷണമാണു കേരളത്തിലെ മറക്കാനാവാത്ത ഓർമകളിൽ ഒന്ന്. കേരളത്തിന്റെ പാരമ്പര്യം, തനതു വാസ്തുവിദ്യ, ജീവിതരീതി എന്നിവ വിസ്മൃതിയിലാവില്ല എന്ന പ്രതീക്ഷ കുട്ടികളോടു സംസാരിച്ചപ്പോൾ ലഭിച്ചു. ഭൂതകാലം വർത്തമാനകാലത്തെ രൂപപ്പെടുത്തുന്ന ഒരു ലോകമാണ് ഇത്. ഞാൻ എന്റെ സ്വന്തം നാടിനെ അതിയായി സ്നേഹിക്കുന്നു. അതുപോലെ തന്നെ ഈ നാടിനെയും. വിട പറയാനാവുന്നില്ല. എങ്കിലും ഇപ്പോൾ, ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണു രീതി.’’– പ്രേം മനസ്വി പറയുന്നു.
മനസ്വി തിരികെ പോകുന്നതു ജീവിച്ച നാടിന്റെ സംസ്കാരത്തെ തന്നാലാവുന്ന വിധം പ്രോത്സാഹിപ്പിച്ചും ജീവിച്ച മണ്ണിനെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടെ സംരക്ഷിച്ചുമാണ്. നാട്ടിലേക്കു മടങ്ങുമ്പോൾ ഒപ്പം കൂട്ടുന്നതും പകർന്നുനൽകുന്നതും വെറും ഓർമകൾ മാത്രമല്ല, പ്രകൃതിയാണ് എല്ലാം എന്ന വലിയ പാഠം കൂടിയാണ്. സാംസ്കാരിക പൈതൃകത്തിന്റെ യഥാർഥ സൗന്ദര്യം പ്രകടമാവുന്നത് അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്താതെ മാറ്റത്തിനു വിധേയമാവുമ്പോഴാണ് എന്നുകൂടി മനസ്വി തന്റെ ജീവിതത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.