ഇന്ത്യൻ ‘കൂ’വിന് ട്വിറ്റർ വിലക്ക്; മാധ്യമപ്രവർത്തകർ തിരിച്ചെത്തി
Mail This Article
വാഷിങ്ടൻ ∙ പണം കൊടുത്തു വാങ്ങിയ ട്വിറ്ററിൽ ‘കുട്ടിക്കളികൾ’ തുടർന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്വിറ്ററിനു ബദലായി ഇന്ത്യയിൽ രൂപംകൊണ്ട ‘കൂ’ എന്ന സമൂഹമാധ്യമത്തിന്റെ ട്വിറ്ററിലെ അക്കൗണ്ടുകളിലൊന്ന് മസ്ക് റദ്ദാക്കി. @kooeminence എന്ന ഹാൻഡിലാണു സസ്പെൻഡ് ചെയ്തത്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്നാണു വിശദീകരണം. കൂവിൽ പുതിയതായി ചേരുന്നവരുടെ സംശയങ്ങൾക്കു മറുപടി കൊടുക്കാനാണ് @kooeminence എന്ന അക്കൗണ്ട് അടുത്തിടെ തുടങ്ങിയത്.
മസ്ക് ഏറ്റെടുത്തതിനു പിന്നാലെ തുടങ്ങിയ അപക്വമായ പരിഷ്കാരങ്ങൾ മൂലം ആയിരക്കണക്കിനു പേർ ട്വിറ്റർ വിടുകയും ഒട്ടേറെ പേർ കൂവിൽ ചേരുകയും ചെയ്തിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം ട്വിറ്റർ റദ്ദാക്കിയ പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ വൻ പ്രതിഷേധത്തെത്തുടർന്നു പുനഃസ്ഥാപിച്ചു. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൻ പോസ്റ്റ് എന്നിവയിലെ അടക്കം പ്രശസ്ത മാധ്യമപ്രവർത്തകരുടെ ഹാൻഡിലുകളാണു കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്.
English Summary: Twitter Suspends Indian Rival Platform Koo's Query Handle