യുഎസ് തിരഞ്ഞെടുപ്പ്: പിന്മാറാൻ സമ്മർദം ശക്തം; കുലുക്കമില്ലാതെ ബൈഡൻ
Mail This Article
മിൽവോക്കി ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും സമ്മർദം ശക്തമാകുമ്പോഴും നിലപാടിൽ മാറ്റമില്ലാതെ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് മുക്തനായി അടുത്തയാഴ്ചയോടെ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു ബൈഡൻ സജീവമാകുമെന്നാണു പ്രചാരണവിഭാഗം മേധാവി ഇന്നലെ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്ഥാനാർഥിയാകുന്നതു ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യകൾ ഇല്ലാതാക്കുമെന്ന് കരുതുന്ന നേതാക്കളേറെയാണ്. ബൈഡൻ പിന്മാറിയാൽ വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് സ്ഥാനാർഥിയാകാൻ സാധ്യതയേറെയാണ്.
എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് –തുടർച്ചയായ തിരിച്ചടികളുടെ തിരിച്ചറിവിൽ ബൈഡൻ പിന്മാറ്റപ്രഖ്യാപനത്തിനൊരുങ്ങുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡനെ സന്ദർശിച്ച് പിന്മാറ്റം സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. വോട്ടെടുപ്പിന് ഇനിയും 109 ദിവസമുള്ളതിനാൽ സ്ഥാനാർഥി മാറുന്നത് പ്രശ്നമാവില്ലെന്നു നേതാക്കൾ കരുതുന്നു. നേതാക്കളുടെ ആശങ്കകൾ പ്രസിഡന്റ് ഗൗരവമായെടുത്തിട്ടുണ്ടെന്നും പൊരുതി ജയിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നുമാണ് ബൈഡൻ പക്ഷം പറയുന്നത്.
അന്തിമ തീരുമാനം ഡെമോക്രാറ്റ് കൺവൻഷനിൽ
ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനാണു സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബൈഡൻ പിന്മാറിയാൽ പകരം ആരെ വേണമെങ്കിലും കൺവൻഷനു തിരഞ്ഞെടുക്കാം. ആദ്യവട്ട വോട്ടെടുപ്പിൽ 3900 പ്രതിനിധികൾക്കാണ് വോട്ടവകാശം. അതിൽ തീരുമാനമായില്ലെങ്കിൽ പാർട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 700 സൂപ്പർഡെലിഗേറ്റുകൾ ആർക്കെങ്കിലും ഭൂരിപക്ഷം ലഭിക്കുംവരെ വോട്ട് ചെയ്ത് തീരുമാനത്തിലെത്തും.
ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേ അനുസരിച്ച് പാർട്ടിയിലെ 10ൽ ആറു പേരും കമലയ്ക്ക് അനുകൂലമാണ്. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തേടിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്. സെനറ്റർ മാർക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബീഷർ, നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരുകളും കേൾക്കുന്നു.