ADVERTISEMENT

ജറുസലം ∙ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ പാർപ്പിടസമുച്ചയങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയിരുന്നു. 

തുടർച്ചയായ മൂന്നാം ദിവസവും ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻമേഖലകളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ലബനനിൽ ഏറ്റുമുട്ടലിൽ 5 സൈനികർ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ അറിയിച്ചു. അതേസമയം, പട്ടിണിയിൽ വലയുന്ന വടക്കൻ ഗാസയിൽ ഇന്നലെ സൗജന്യഭക്ഷണവുമായി 15 ട്രക്കുകൾ എത്തി. 

വടക്കൻ ഗാസയിൽ പലസ്തീൻകാരെ പട്ടിണിക്കിടുന്നതടക്കം ഗാസയിൽ ഇസ്രയേൽ തുടരുന്ന യുദ്ധരീതികൾ വംശഹത്യയ്ക്കു തുല്യമാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ സ്പെഷൽ കമ്മിറ്റി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്നലെയാണു പ്രസിദ്ധീകരിച്ചത്. ഗാസയിൽ ജനങ്ങളെ ബലമായി ഒഴിപ്പിക്കുന്നതടക്കം ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ യുദ്ധക്കുറ്റങ്ങളാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടും ചൂണ്ടിക്കാട്ടി.

പലായനം ചെയ്യുന്നതിനിടെ സ്ത്രീകളും കുട്ടികളുമടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും റോഡുകളും വ്യാപകമായി ഇടിച്ചുനിരത്തി വാസയോഗ്യമല്ലാത്തവിധം നശിപ്പിച്ചതായും അതിർത്തിയിലെ പലസ്തീൻ ഭൂപ്രദേശങ്ങൾ ഇസ്രയേലിലേക്കു കൂട്ടിച്ചേർത്തതായും റിപ്പോർട്ടിലുണ്ട്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,736 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,03,370 പേർക്കു പരുക്കേറ്റു. ലബനനിൽ 3,365 പേരും കൊല്ലപ്പെട്ടു. 

English Summary:

Israeli Bombing of Residential Areas in Damascus Kills Dozens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com