അനധികൃത ഖനനം: കവാടം അടച്ചു, ഭക്ഷണവും വെള്ളവുമില്ലാതെ തൊഴിലാളികൾ; പുറത്തു വരുമ്പോൾ അറസ്റ്റ്
Mail This Article
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു.
അനധികൃത ഖനനത്തിനെതിരായ നടപടിയുടെ ഭാഗമായി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഒട്ടേറെ ഖനികളുടെ പ്രവേശനകവാടം സർക്കാർ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ നിന്ന് പുറത്തുവന്ന 20 പേർ ഉൾപ്പെടെ ആയിരത്തിലേറെ തൊഴിലാളികൾ അറസ്റ്റിലായിട്ടുമുണ്ട്. അയൽരാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഇവരിലേറെയും.