ഇത് എല്ലാവരുടെയും സംശയം! ഏത്തപ്പഴം കഴിച്ചാല്‍ തടി വയ്ക്കുമോ അതോ കുറയ്ക്കുമോ?

Mail This Article
ഏത്തപ്പഴം മിക്കവർക്കും പ്രിയമാണ്. പുഴുങ്ങിയും നെയ്യ് ചേർത്ത് പൊരിച്ചും അല്ലാതെയുമൊക്കെ കഴിക്കാറുണ്ട്. എന്നാല്‍ ഈയിടെയായി പഴം കഴിച്ചാല്‍ തടിവയ്ക്കും എന്ന രീതിയിലുള്ള ലേഖനങ്ങളും സോഷ്യല്‍ മീഡിയ കണ്ടന്റുകളും നമ്മള്‍ കാണാറുണ്ട്. യഥാര്‍ഥത്തില്‍ ഏത്തപ്പഴം ശരീരഭാരം കൂട്ടുമോ?
ഏത്തപ്പഴത്തിലെ കാർബോഹൈഡ്രേറ്റിന്‍റെ അളവ് നോക്കിയാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്ന് കാണാം. ഇത് വേഗത്തിൽ ശരീരത്തിലെ കൊഴുപ്പായി മാറും. എത്തപ്പഴത്തിന്‍റെ ചീത്തപ്പേരിന് മറ്റൊരു കാരണം, അവയില്‍ അടങ്ങിയ കലോറിയുടെ അളവ് വളരെ കൂടുതലാണ് എന്നതാണ്. ഒരു കപ്പ് ആപ്പിൾ കഷ്ണങ്ങളിൽ ഏകദേശം 60 കാലറിയുള്ളപ്പോള്‍, ഒരു കപ്പ് വാഴപ്പഴത്തിൽ ഏകദേശം 135 കാലറി അടങ്ങിയിട്ടുണ്ട്.

എന്നാല്‍, ഇടനേരങ്ങളില്‍ കഴിക്കുന്ന കുക്കികളും മിഠായികളും പോലുള്ള അനാരോഗ്യകരമായ സ്നാക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏത്തപ്പഴത്തിലെ പഞ്ചസാരയുടെ അളവ് അത്ര കൂടുതലല്ല. വാഴപ്പഴത്തിന് നാരുകളുടെ അധിക ഗുണമുണ്ട്. മാത്രമല്ല, വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നവുമാണ്.
വാഴപ്പഴം നിങ്ങളെ ശരീരഭാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.ശരീരഭാരം കുറയ്ക്കുന്നതിനോ വർദ്ധിപ്പിക്കുന്നതിനോ ഒരു പ്രത്യേക ഭക്ഷണം മാത്രം ഉത്തരവാദിയാണെന്ന് പറയാനാവില്ല. ഒരു ദിനം കഴിക്കുന്ന മൊത്തം പോഷകാഹാരത്തിന്‍റെ അളവിനെയാണ് ശരീരഭാരം ആശ്രയിക്കുന്നത്. ഒരു ദിവസം മൊത്തത്തില്‍ നോക്കുമ്പോള്‍, ആവശ്യമായതിനേക്കാള്‍ കുറഞ്ഞ കലോറി കഴിക്കുകയും ഒപ്പം വ്യായാമം ചെയ്യുകയും ചെയ്താല്‍ ഭാരം താനേ കുറയും.

അതിനാല്‍ മിതമായ അളവില്‍ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ഗുണങ്ങള്‍ നല്‍കും. ഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് ദിവസവും ഒരു ഇടത്തരം വാഴപ്പഴത്തിന്‍റെ 1/2 ഭാഗം കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന പൊട്ടാസ്യത്തിന്‍റെയും ആന്‍റി ഓക്സിഡന്റായ വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമാണ്. കൂടാതെ മഗ്നീഷ്യവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
- ഓട്‌സ് : രാവിലെ ഓട്‌സ് മീലിൽ വാഴപ്പഴം അരിഞ്ഞത് ചേർക്കുക.
- കറുവാപ്പട്ട വിതറി കഴിക്കാം : ഏത്തപ്പഴം അരിഞ്ഞു അതിലേക്ക് കറുവാപ്പട്ട പൊടി വിതറി കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും
- യോഗര്‍ട്ടിനൊപ്പം : അരിഞ്ഞ വാഴപ്പഴം, കൊഴുപ്പില്ലാത്ത പ്ലെയിൻ യോഗര്‍ട്ട്, കറുവപ്പട്ട പൊടി എന്നിവ ചേര്‍ത്ത് കഴിക്കാം. ഓട്സ് , ബദാം അരിഞ്ഞത് എന്നിവയും കൂടി ചേര്‍ക്കാം.
വാഴപ്പഴം കറുത്ത് പോകാതെ സൂക്ഷിക്കാം
വാങ്ങുമ്പോൾ ശ്രദ്ധിക്കുക
നമ്മുടെ ആവശ്യം മനസ്സിൽ വച്ചാണ് വാഴപ്പഴം വാങ്ങേണ്ടത്. ഉടനടി കഴിക്കാൻ വേണ്ടിയാണെങ്കിൽ, തിളങ്ങുന്ന മഞ്ഞ നിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക. അതല്ല, വരും ദിവസങ്ങളിൽ കഴിക്കാനാണെങ്കിൽ, ചെറുതായി പച്ചനിറമുള്ള വാഴപ്പഴം തിരഞ്ഞെടുക്കുക.

ശരിയായ രീതിയിൽ സൂക്ഷിക്കുക
നേന്ത്രപ്പഴം മറ്റ് പഴങ്ങൾക്കൊപ്പം സൂക്ഷിക്കുമ്പോൾ വേഗത്തിൽ പാകമാകും. അതിനാൽ, മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി വാഴപ്പഴം സൂക്ഷിക്കുന്നതാണ് നല്ലത്. നല്ല വായുസഞ്ചാരമുള്ള ഒരു ഫ്രൂട്ട് ബൗളിൽ അവ വെവ്വേറെ സൂക്ഷിക്കുക.
ഫ്രീസ് ചെയ്യുക
പഴുത്ത വാഴപ്പഴം കുറേ ഉണ്ടെങ്കിൽ അവ ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കാം. ഇതിനായി വാഴപ്പഴം തൊലി കളഞ്ഞ് അടച്ച പാത്രത്തിലോ ഫ്രീസർ ബാഗിലോ വയ്ക്കുക. ഇവ പിന്നീട് സ്മൂത്തികൾ, കേക്ക് എന്നിവയ്ക്കായി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പഴം ചീഞ്ഞു പോകാതെ സൂക്ഷിക്കാം.

പഴുത്ത പഴം കുലയിൽ നിന്നും വേർപെടുത്തുക
ഒരേ കുലയിൽത്തന്നെ പാകമായതും അല്ലാത്തതുമായ പഴങ്ങൾ കാണും. പഴുത്ത പഴങ്ങൾ കുലയിൽ നിന്നും വേർപെടുത്തി വയ്ക്കണം, ഇല്ലെങ്കിൽ മറ്റുള്ളവയും പാകമാകുന്ന പ്രക്രിയ വേഗത്തിലാകും.
ശരിയായി പൊതിയുക.
വാഴപ്പഴത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗം, കുലയുടെ തണ്ടിന്റെ അറ്റം, പ്ലാസ്റ്റിക് റാപ്പോ അലുമിനിയം ഫോയിലോ കൊണ്ട് പൊതിയുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, വാഴപ്പഴം പഴുക്കാൻ സഹായിക്കുന്ന എഥിലീൻ വാതകം പുറത്തുവിടുന്നത് തടയുന്നു.