ചിന്തിച്ചിട്ടുണ്ടോ ഉപ്പ് കേടാകുമോയെന്ന്; ഇതറിയാതെ പോകരുത്
Mail This Article
പച്ചക്കറികളും പഴങ്ങളും മത്സ്യവും മാംസവുമെല്ലാം കേടാവാതിരിക്കാന്‍ ഉപ്പിട്ട് സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമുക്കുണ്ട്. ഒരുമാതിരിപ്പെട്ട ബാക്ടീരിയകളുടെയെല്ലാം വളര്‍ച്ച വേരോടെ നശിപ്പിക്കാന്‍ ഉപ്പിനു കഴിയും. എന്നാല്‍ ഉപ്പ് കേടാകുമോ?
പ്രത്യേകതരം ധാതുക്കളോ സ്വാദോ ചേര്‍ക്കാത്ത ഉപ്പ് കേടാവില്ല എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം. ഇവ ചേര്‍ത്ത ഉപ്പുകളില്‍ ഈര്‍പ്പം കലരുമ്പോള്‍ അത് കട്ട പിടിക്കും. ഇവ കേടാകാതെ മൂന്നു വര്‍ഷം വരെ നിലനില്‍ക്കും.
ശുദ്ധമായ ഉപ്പ് അഞ്ച് വർഷത്തേക്ക് യാതൊരുവിധ കേടുപാടും ഇല്ലാതെ ഫ്രഷ് ആയിത്തന്നെ നിലനില്‍ക്കും. പിങ്ക് ഹിമാലയന്‍ സാള്‍ട്ട് പോലെ ലവണങ്ങള്‍ ഉള്ള ഉപ്പിനങ്ങള്‍ മൂന്നു വര്‍ഷം വരെ ഏറ്റവും മികച്ചതായി നില്‍ക്കും. ഈ പറയുന്ന കാലാവധിയ്ക്ക് ശേഷം, ശേഷം ഗുണമേന്മ കുറയുമെങ്കിലും ഉപ്പ് ഉപയോഗിക്കാന്‍ സുരക്ഷിതമാണ്.
വിവിധയിനം ഉപ്പുകള്‍
അയഡിൻ കൊണ്ട് സമ്പുഷ്ടമായതും ശുദ്ധീകരിക്കപ്പെട്ടതുമായ ഉപ്പാണ് നമ്മള്‍ സാധാരണയായി അടുക്കളയില്‍ ഉപയോഗിക്കുന്ന ടേബിള്‍ സാള്‍ട്ട്. കട്ടപിടിക്കുന്നത് തടയാൻ അതിൽ ആൻ്റി കേക്കിംഗ് ഏജൻ്റുകൾ ഉപയോഗിക്കാറുണ്ട്.
അഡിറ്റീവുകൾ ഇല്ലാത്തതും മാംസത്തിൽ നിന്ന് രക്തം നീക്കം ചെയ്യുന്നതിനും പാചകത്തിനും മറ്റും ഉപയോഗിക്കുന്ന ഉപ്പാണ് കോഷർ ഉപ്പ്.
പാകിസ്ഥാനിലെ ഖേവ്ര ഉപ്പ് ഖനിയിൽ നിന്ന് പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു ഉപ്പാണ് ഹിമാലയൻ പിങ്ക് ഉപ്പ്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളിൽ നിന്നാണ് ഇതിന്റെ പിങ്ക് നിറം വരുന്നത്.
ഇന്ത്യൻ പാചകരീതിയിൽ പ്രചാരമുള്ള ഒരു സൾഫർ ഉപ്പ് ആണ് കാലാ നാമക് അഥവാ കറുത്ത ഉപ്പ്. ഇന്ത്യ കൂടാതെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലെ ദക്ഷിണേഷ്യൻ പാചകരീതികളിൽ ഉപയോഗിക്കുന്ന ഈ ഉപ്പിന് ഇതിനു പ്രത്യേക തരം രുചിയും മണവും ഉണ്ട്.
ഉപ്പ് സൂക്ഷിക്കാം
ഉപ്പ് കേടാകാതെ എങ്ങനെ സംഭരിക്കാം? വലിയ മെനക്കേടൊന്നും ഇല്ലാത്ത പണിയാണ് അത്. സൂക്ഷ്മജീവികൾക്കോ കീടങ്ങൾക്കോ ഒന്നും വലിയ താല്‍പര്യമില്ലാത്ത വസ്തുക്കളില്‍ ഒന്നാണ് ഉപ്പ്. അതുകൊണ്ടുതന്നെ ഇത് സൂക്ഷിക്കാന്‍ എയർടൈറ്റ് കണ്ടെയ്നർ ആവശ്യമില്ല. എന്നാല്‍ ഉപ്പ് സൂക്ഷിക്കുന്നത് ഉണങ്ങിയ പാത്രത്തില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പിന്‍റെ ഗുണനിലവാരവും സ്വാദും നിലനിര്‍ത്താന്‍, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ചൂടിൽ നിന്നും മാറ്റി, തണുത്ത ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.