അധിക സമയം കളയേണ്ട, കുട്ടികൾക്ക് ഇനി എളുപ്പത്തിലുള്ള ഹെല്‍ത്തി ലഞ്ച് ബോക്സ് തയാറാക്കാം
Mail This Article
കുട്ടികൾക്ക് എന്നും വെറൈറ്റിയായി എന്തെങ്കിലുമൊക്കെ തയാറാക്കി നൽകണം. സ്കൂളിൽ ലഞ്ച് ബോക്സ് തയാറാക്കാനാണ് അമ്മമാർ ഏറെ ബുദ്ധിമുട്ടുന്നത്. എന്നും ചോറും പലഹാരവും മാത്രം കൊടുത്തുവിട്ടാൽ കുട്ടികൾ അതേ പോലെ തന്നെ തിരികെ കൊണ്ടുവരാറാണ് പതിവ്. ഇനി സ്കൂളിലേക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ അടിപൊളി വിഭവം തയാറാക്കി നൽകാം. അമ്മമാർക്ക് വളരെ സിംപിളായി തന്നെ ഉണ്ടാക്കാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രുചിയോടെ കഴിക്കാം.
ചപ്പാത്തിയും അപ്പവും ഇടിയപ്പവും ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കി മടുത്തവർക്കും ഇതൊരു പുത്തന്‍ വിഭവമായിരിക്കും. എളുപ്പത്തിൽ തയാറാക്കാം പനീർ തവ റോൾ. കുട്ടികൾക്കുള്ള ലഞ്ച് ബോക്സ് എങ്ങനെ വ്യത്യസ്തമാക്കാമെന്നു ആലോചിക്കാത്ത അമ്മമാരില്ല, വ്യത്യസ്തവും ആരോഗ്യകരമായ ഈ വിഭവം സിംപിളായി
തയാറാക്കാം. ചപ്പാത്തിയ്ക്കൊപ്പം പനീറും വെജിറ്റബിൾസുമൊക്കെ ചേർന്നുള്ള വിഭവമാണിത്. മിക്ക കുട്ടികൾക്കും പച്ചക്കറി കഴിക്കുന്നത് ഇഷ്ടമല്ല. ഇങ്ങനെ പച്ചക്കറികൾ എല്ലാം ചേർത്ത് അവരുടെ ട്രെൻഡിങ് രുചിക്കൂട്ടിൽ തയാറാക്കിയാൽ വയറ് നിറച്ച് കഴിച്ചോളും.
ഏറെ ആരോഗ്യകരമാണ് പനീർ
സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍. പാലില്‍ നിന്നുണ്ടാക്കുന്ന പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വീട്ടിൽ തന്നെ പനീർ തയാറാക്കുകയാണെങ്കിൽ മായം ഇല്ലാത്തവ കുട്ടികൾക്ക് നൽകാം. കാര്‍ബോ കുറഞ്ഞതും പ്രോട്ടീന്‍ കൂടിയതുമായ പനീര്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ്. എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാല്‍സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്.
ഒരു ലിറ്റർ പാലും 1/2 ടീ സ്‌പൂൺ നാരങ്ങാ നീരുമുണ്ടെങ്കിൽ പനീർ ഉണ്ടാക്കാം. ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. തിളക്കുമ്പോൾ നാരങ്ങാ നീരു ചേർത്തുകൊണ്ട് നന്നായി ഇളക്കുക. പാൽ നന്നായി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് അഞ്ച് മിനിറ്റ് ഇറക്കി വയ്‌ക്കുക. പിരിഞ്ഞ പാൽ ഒരു കോട്ടൺ തുണിയിൽ പകർത്തി നന്നായി കെട്ടി വയ്‌ക്കുക. വെള്ളം മുഴുവൻ വാർന്നു പോയിക്കഴിഞ്ഞാൽ പനീർ ചതുരാകൃതിയിൽ ഷെയ്‌പ് ചെയ്തു മുകളിൽ ഭാരം കയറ്റി രണ്ടു മൂന്നു മണിക്കൂർ വയ്‌ക്കുക.ആവശ്യാനുസരണം മുറിച്ചുപയോഗിക്കാം.
എളുപ്പത്തിൽ തയാറാക്കാം ഈ ലഞ്ച് ബോക്സ് റെസിപ്പി പനീർ തവ റോൾ
ആദ്യം ചപ്പാത്തി പരത്തി മാറ്റിവയ്ക്കാം. ശേഷം കാപ്സിക്കം, സവാള, തക്കാളി എന്നിവ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. ബൗളിൽ ചെറുതായി അരിഞ്ഞ പനീറും തൈരും മഞ്ഞപൊടിയും കശ്മീരി മുളക്പൊടിയും കുരുമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഗരം മസാലയും നാരങ്ങാ നീരും ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യാം. പാൻ ചൂടാക്കി ഒലിവ് ഓയിൽ ചേർത്തിട്ട് പനീർ മിക്സ് ചേര്‍ത്ത് കൊടുക്കാം. ഒപ്പം നീളത്തിൽ അരിഞ്ഞ സവളയും തക്കാളിയും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം കാപ്സിക്കവും ചേർത്ത് മാറ്റിവയ്ക്കാം. മറ്റൊരു പാനിൽ ബട്ടർ ചേർത്ത് ചപ്പാത്തി തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. ഇനി ചപ്പാത്തി റോൾ ആക്കാം. അതിനായി ചപ്പാത്തിയുടെ മുകളിൽ പനീർ മസാല വച്ച് ഒപ്പം ടൊമാറ്റോ സോസും സ്പ്രെഡ് ചെയ്ത് കൊടുക്കാം. മുകളിലായി ചീസും വയ്ക്കാം, ശേഷം റോൾ ചെയ്യാം. ആവശ്യമെങ്കിൽ രണ്ടായി മുറിച്ചെടുക്കാം.
ഇനി ഈ രുചിയൂറും പനീർ തവയ്ക്ക് സൈഡായി സ്വാദേറും സാലഡ് തയാറാക്കാം. കനംകുറച്ച് അരിഞ്ഞ കുക്കുമ്പറും ആവശ്യത്തിനുള്ള ഉപ്പും ഒരുമുറി നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒപ്പം ചുവന്നമുളക് ചതച്ചതും ഒറിഗാനോയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. പനീർ തവ റോളിന് ബെസ്റ്റ് കോമ്പിനേഷനാണ് ഈ സാലഡ്. ഇനി കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടാം ഈ സ്പെഷൽ വിഭവം.